പ്രളയ ബാധിതര്‍ക്ക് വായ്പാ മൊറാട്ടോറിയാം നീട്ടി നല്‍കും

ജില്ലാതല ബാങ്കിങ് അവലോകനം നടന്നു
മലപ്പുറം: പ്രളയ ബാധിതര്‍ക്ക് വായ്പാ മൊറാട്ടോറിയം നീട്ടിനല്കാന് രണ്ടാം പാദ ബാങ്കിങ് അവലോകന സമിതിയില്‍ തീരുമാനമായി. നവംബര്‍ 25 വരെ ഇതിനുള്ള അപേക്ഷകള്‍ അതത് ബാങ്കുകളില്‍ നല്‍കാം. സാമ്പത്തിക ആവശ്യങ്ങളുമായി ബാങ്കുകളെ സമീപിക്കുന്നവരോട് മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി. ഉണ്ണികൃഷ്ണന് പറഞ്ഞു. അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയത്തിന് ശേഷമുള്ള നവീകരണ പ്രവര്‍ത്തനങ്ങളിലും പ്രളയ ബാധിതര്‍ക്കുള്ള ഇന്‍ഷുറന്‍സ് സഹായങ്ങള്‍ കൃത്യസമയത്ത് ലഭ്യമാക്കാനുള്ള നടപടികള്‍ വേണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് പറഞ്ഞു. ഡിസംബര്‍ ഏഴിന് നിലമ്പൂരില്‍ ആദിവാസി യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന തൊഴില്‍ മേളയില്‍ ബാങ്കുകളുടെ സഹകരണം ഉണ്ടാകണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.
നിക്ഷേപത്തില്‍ വര്‍ധന
ജില്ലയിലെ ബാങ്കുകളില്‍ നിക്ഷേപത്തില്‍ വര്‍ധനവുള്ളതായി അവലോകന സമിതി. 35,70,518 കോടി രൂപയാണ് നിക്ഷേപമായി ബാങ്കുകളിലുള്ളത്. മാര്‍ച്ചില്‍ നിന്ന് 1,461 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. പ്രവാസി നിക്ഷേപത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 11,307 കോടി രൂപയാണ് പ്രവാസി നിക്ഷേപം. 693കോടി രൂപയാണ് പ്രവാസി നിക്ഷേപത്തിലെ വര്‍ധനവ്. 5,808 കോടി രൂപ വായ്പ നല്കി. മുന്‍ഗണന മേഖലയില്‍ 4,249 കോടി രൂപയാണ് വായ്പ നല്‍കിയത്. കാര്‍ഷിക മേഖലയില്‍ നല്‍കിയത് 2,846 കോടിയും.
മഹേന്ദ്രപുരി ഹോട്ടലില്‍ നടന്ന അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് പ്രതിനിധി പി. ജി. ഹരിദാസ്, കാനറാ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം. സുരേഷ് കുമാര്‍, ലീഡ് ബാങ്ക് മാനേജര്‍ ടി. പി. കുഞ്ഞിരാമന്, നബാര്‍ഡ് ഡി.ഡി.എം. ജെയിംസ് പി. ജോര്‍ജ്, വകുപ്പ് മേധാവികള്‍, ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.