സംസ്ഥാന മന്ത്രിസഭ വാര്‍ഷികം : സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു

post

അഷ്ടമുടിക്ക് 59 കോടി രൂപയുടെ വിനോദസഞ്ചാര പദ്ധതി - മന്ത്രി കെ എന്‍ ബാലഗോപാല്‍

സംസ്ഥാന മന്ത്രിസഭ വാര്‍ഷികത്തോടനുബന്ധിച്ച സംഘാടക സമിതി യോഗം സി കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.

ഇടതടവില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ അഷ്ടമുടി കേന്ദ്രീകരിച്ച് 59 കോടി രൂപയുടെ വിനോദസഞ്ചാര വികസന പദ്ധതി കൂടി  നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു .ഒരു ലക്ഷത്തോളം പഠിതാക്കളെ ലക്ഷ്യമിട്ട് ശ്രീനാരായണ ഓപണ്‍ യൂണിവെഴ്സിറ്റി വികസിപ്പിക്കുകയാണ് . ആസ്ഥാന മന്ദിര നിര്‍മാണത്തിന് സ്ഥലം സ്വന്തമാക്കിയിട്ടുണ്ട്. പടിഞ്ഞാറേ കല്ലടയില്‍ സോളാര്‍ പദ്ധതിയും യാഥാര്‍ഥ്യമാകുന്നു. കോടതി സമുച്ചയം, വല നിര്‍മാണ ഫാക്ടറി, ഓഷ്യനേറിയം, ഐ ടി പാര്‍ക്ക്, തുറമുഖ വികസനം തുടങ്ങി കേരളത്തിന്റെ മുന്നേറ്റത്തില്‍ കുതിച്ചുചാട്ടത്തിന് സഹായകമാകുന്ന പദ്ധതികളാണ് ജില്ലയില്‍ സാക്ഷാത്കരിക്കുന്നത്.കേരളത്തിന്റെ ഭാവിസ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായകമാകുംവിധമാണ് എന്റെ കേരളം പ്രദര്‍ശനവിപണന മേള ഒരുക്കുക.

പൊതുജനാഭിപ്രായ സ്വരൂപീകരണത്തിലൂടെ ഒട്ടേറെ വികസന പ്രവര്‍ത്തനം സംസ്ഥാനത്ത് നടപ്പിലാക്കി വരികയാണ്. ഇത് ക്രിയാത്മകമായി താഴെത്തട്ടില്‍ എത്തിക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കും. ഗ്രാമാന്തരങ്ങളിലുള്ളവര്‍ക്ക് അനുഭവവേദ്യമാകും വിധം പരിപാടികള്‍ നടത്തണം.ജില്ലയില്‍ സമസ്ത മേഖലകളിലും നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ മേളയില്‍ പ്രതിഫലിക്കണം.  തദ്ദേശസ്ഥാപനങ്ങള്‍ പൂര്‍ണമായ ധനവിനിയോഗമാണ് നടത്തിയത്. ഇതുവഴി സാധ്യമായ പ്രവര്‍ത്തനങ്ങള്‍ ജനസമക്ഷമെത്തിക്കാനാകണം. നിയോജക മണ്ഡലം അടിസ്ഥാനത്തിലും, ഗ്രാമ- ബ്ലോക്ക് - വാര്‍ഡ് തലത്തിലും പ്രചാരണം ശക്തിപ്പെടുത്തണം. ഏപ്രില്‍ 30 നകം നിയോജകമണ്ഡല തലത്തിലും മെയ് അഞ്ചിനകം പഞ്ചായത്ത് തലത്തിലും മെയ് 10നകം വാര്‍ഡ് തലത്തിലും യോഗങ്ങള്‍ നടത്താനും തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കി.സര്‍ക്കാര്‍ താഴെത്തട്ട് വരെ നടത്തിയ പ്രവര്‍ത്തനങ്ങളാണ് മേളയിലൂടെ സാക്ഷ്യപ്പെടുത്തുകയെന്ന് അധ്യക്ഷയായ മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. സാധാരണക്കാര്‍ സര്‍ക്കാരിനെ അടുത്തറിയാന്‍ ഇക്കുറി വ്യത്യസ്ത അവതരണത്തിലൂടെ അവസരമൊരുക്കും. സര്‍ക്കാര്‍ ജനങ്ങള്‍ക്കായി സമ്മാനിച്ച നേട്ടങ്ങള്‍ വരച്ചിടാന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

 എം.എല്‍.എമാരായ എം. നൗഷാദ്, ജി.എസ് ജയലാല്‍, മേയര്‍ ഹണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, ഡെപ്യൂട്ടി മേയര്‍ എസ്.ജയന്‍,  സിറ്റി പൊലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍, റൂറല്‍ എസ്.പി സാബു മാത്യൂ,എ.ഡി.എം ജി.നിര്‍മല്‍കുമാര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി ഡോ. സി ഉണ്ണികൃഷ്ണന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എക്സ് ഏണസ്റ്റ്, സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, കെ എസ് എഫ് ഇ ചെയര്‍മാന്‍ കെ വരദരാജന്‍, ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ബോര്‍ഡ് ചെയര്‍മാന്‍ കെ രാജഗോപാല്‍,    വിവിധ കോര്‍പ്പറേഷനുകളുടെയും ബോര്‍ഡുകളുടെയും അധ്യക്ഷര്‍,  ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ജഗതി രാജ്, കോര്‍പ്പറേഷന്‍ സെക്രട്ടറി ഡി സാജു, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സുബോധ്, എന്‍ എസ് സഹകരണ ആശുപത്രി സെക്രട്ടറി പി ഷിബു,  ഗ്രാമ- ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷര്‍, നഗരസഭാ അധ്യക്ഷര്‍, സ്ഥിരംസമിതി അധ്യക്ഷര്‍, ജില്ലാ- ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.