അളവില്‍ കുറവ് : റേഷന്‍ കടകള്‍ക്കെതിരെ കേസെടുത്തു

post

കോട്ടയം : റേഷന്‍ സാധനങ്ങളുടെ അളവില്‍ കുറവ് വരുത്തിയ റേഷന്‍ കടകള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് കേസെടുത്തു. പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് കടകളില്‍ നടത്തിയ പരിശോധനയില്‍ 800 ഗ്രാം മുതല്‍ രണ്ട് കിലോ ഗ്രാം വരെ കുറവ് വരുത്തുന്നതായി കണ്ടെത്തി.വിജിലന്‍സിന്റെ സഹകരണത്തോടെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയില്‍ വില രേഖപ്പെടുത്താത്ത പാക്കറ്റ് സാധനങ്ങള്‍ വില്‍പ്പന നടത്തിയതിന് കേസെടുത്തു.ലിറ്ററിന് 13 രൂപയ്ക്ക് വില്‍ക്കേണ്ട കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുന്നതും പഴം, പച്ചക്കറി എന്നിവയുടെ വില്‍പ്പനയിലെ ക്രമക്കേടുകളും സംബന്ധിച്ച പരാതികളില്‍ പരിശോധന കര്‍ശനമാക്കി. വീഴ്ച്ച കണ്ടെത്തിയ സ്ഥാപനങ്ങളില്‍നിന്നും ആകെ ഒരു ലക്ഷം രൂപ പിഴ ഈടാക്കി. 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ എന്‍.സി സന്തോഷ്, എം. സഫിയ, സീനിയര്‍ ഇന്‍സ്‌പെക്ടര്‍ എന്‍. സുമതി ഇന്‍സ്‌പെക്ടര്‍മാരായ കെ.ബി ബുഹാരി, ഷിന്റോ ഏബ്രഹാം, പി.കെ.ബിനു മോന്‍, പി. പ്രവീണ്‍, എ.കെ. സജീവ്, രമ്യാ ചന്ദ്രന്‍, എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

പൊതു ജനങ്ങള്‍ക്ക് സുതാര്യം മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയും ലീഗല്‍ മെട്രോളജി കണ്‍ട്രോള്‍ റൂമില്‍ വിളിച്ചും പരാതികള്‍ അറിയിക്കാം.ഫോണ്‍: 8281698046, 8281698044 , 0481-2582998.