കണ്ണൂർ ഹരിതോത്സവം 2025 സമാപിച്ചു

post

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ ഹരിത വിദ്യാലയങ്ങളിൽ ടെൻ സ്റ്റാർ പദവി നേടിയ വിദ്യാലയങ്ങൾ, മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളിൽ മുഴുവൻ മാർക്കും നേടിയ ഹരിത കുടുംബശ്രീ അയൽക്കൂട്ട പദവി നേടിയ അയൽക്കൂട്ടങ്ങൾ, സ്റ്റാർ പദവി നേടിയ ഹരിത റസിഡൻസ് അസോസിയേഷനുകൾ എന്നിവയെ ആദരിക്കാനായി സംഘടിപ്പിച്ച കണ്ണൂർ ഹരിതോൽസവം സമാപിച്ചു. രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, വിദ്യാലയങ്ങൾ എന്നിവയ്ക്കുള്ള ഉപഹാര വിതരണം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി, കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, ജില്ലാ കലക്ടർ അരുൺ. കെ. വിജയൻ എന്നിവർ നിർവഹിച്ചു.

ജില്ലയിലെ ഖരമാലിന്യ ശേഖരണം സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്ന വിരാട് റെൻഡറിങ് സൊല്യൂഷൻസ്, പാപ്പിനിശ്ശേരി ക്ലീൻ കണ്ണൂർ വെഞ്ചേഴ്സ്, പിഗ് ഫാർമേഴ്സ് അസോസിയേഷൻ, ഇള കംപ്ലീറ്റ് സൊല്യൂഷൻസ്, മലബാർ മെറ്റൽസ്, നിർമൽ ഭാരത് ചാരിറ്റബിൾ ട്രസ്റ്റ്, തിരുവോണം ഇക്കോ ഇൻഡസ്ട്രീസ് തുടങ്ങിയ സ്ഥാപനങ്ങളെ പരിപാടിയിൽ ആദരിച്ചു. ശുചിത്വമിഷൻ നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്കും സമ്മാനങ്ങൾ നൽകി. തുടർന്ന് കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്തിന്റെ ഭൂമിയുടെ കാവൽക്കാർ, പെരളശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ പച്ചപ്പ് എന്നീ നാടകങ്ങളും ചെറുതാഴം ഗ്രാമ പഞ്ചായത്തിന്റെ സംഗീത നൃത്തശിൽപവും റസിഡൻസ് അസോസിയേഷനുകളുടെ കലാപരിപാടികളും നടന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ ടി.ജെ അരുൺ, ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ സോമശേഖരൻ, ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.എം സുനിൽകുമാർ, വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ കെ.സി സുധീർ കുമാർ, കില ജില്ലാ ഫെസിലിറ്റേറ്റർ പി.വി രത്നാകരൻ, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ ഇ.സി വിനോദ്, കുടുംബശ്രീ മിഷൻ അസിസ്റ്റന്റ് കോ ഓഡിനേറ്റർ ദീപ, മാലിന്യ മുക്തം നവകേരളം കോ ഓർഡിനേറ്റർ സുനിൽ ദത്തൻ, ഫെറ കണ്ണൂർ പ്രസിഡന്റ് ആർ. അനിൽ കുമാർ, വ്യാപാരി വ്യവസായി പ്രതിനിധി കെ.വി സലിം തുടങ്ങിയവർ സംസാരിച്ചു.