കര്‍ണാടക ആശുപത്രികളിലേക്ക് രോഗികളെ കടത്തി വിടാന്‍ അനുവാദം

post

തിരുവനന്തപുരം : കര്‍ണാടകത്തിലെ ആശുപത്രികളിലേക്ക് കോവിഡ് അല്ലാത്ത രോഗികളുമായി ആംബുലന്‍സ് കടത്തിവിടാന്‍ അനുവാദമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തലപ്പാടി ചെക്ക്‌പോസ്റ്റില്‍ കര്‍ണാടകത്തിന്റെ മെഡിക്കല്‍ ടീം ഉണ്ടാകും. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളോടെ ഏത് ആശുപത്രിയിലാണ് പോകുന്നത് എന്ന് നിശ്ചയിച്ച് വരുന്നവരെ പരിശോധിച്ച് അനുവാദം നല്‍കാമെന്നാണ് കര്‍ണാടകം അറിയിച്ചത്.

കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളിലെ ആളുകള്‍ക്ക് വയനാട് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്താനുള്ള സൗകര്യം കേരളം ചെയ്തുകൊടുക്കുന്നുണ്ട്. കര്‍ണാടകത്തിന്റെ ബൈരക്കുപ്പ, മച്ചൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും തമിഴ്‌നാട്ടിലെ പന്തല്ലൂര്‍, ഗൂഡല്ലൂര്‍ താലൂക്കില്‍ നിന്നുമുള്ളവരാണ് വയനാട് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നത്. ബൈരക്കുപ്പിയില്‍നിന്നും 29 പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍നിന്ന് 44 പേരാണ് ചികിത്സയ്ക്ക് വന്നത്. കേരളത്തിന്റെ നിലപാട് ഇതാണ്. മറിച്ചുള്ള ഒന്നും നമ്മള്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ഞായറാഴ്ച രാത്രി ഒന്‍പതുമണിക്ക് ലൈറ്റുകള്‍ ഓഫാക്കിയതില്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യമാകെ ഒന്നിച്ചുനിന്ന് മഹാമാരിയെ നേരിടുമ്പോള്‍ പ്രധാനമന്ത്രി ഒരു കാര്യം പറയുമ്പോള്‍ അതിന്റേതായ പ്രാധാന്യം നല്‍കിയതാണ്. ദീപം തെളിക്കുന്നതിനേയോപ്രകാശം പരക്കുന്നതിനെയോ എതിര്‍ക്കേണ്ടതില്ലെന്ന് താന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രകാശം പരക്കേണ്ടത് നമ്മുടെ രാജ്യത്ത് ഇതുമായി ബന്ധപ്പെട്ട് വിഷമം അനുഭവിക്കുന്നവരുടെ മനസിലാണ്. അതിനുവേണ്ടത് അവര്‍ക്കാവശ്യമായ സാമ്പത്തികപിന്തുണ നല്‍കലാണ്. അത്തരം നടപടികള്‍ ഇനിയും വരേണ്ടതുണ്ട്, വരുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പ്രത്യാശിച്ചു.