യൂത്ത് ഐക്കൺ - യുവപ്രതിഭാ പുരസ്കാരങ്ങൾ മാർച്ച് 26 ന് വിതരണം ചെയ്യും

post

കേരള സംസ്ഥാന യുവജന കമ്മീഷൻ 2024-25 വർഷത്തെ യൂത്ത് ഐക്കൺ - യുവ പ്രതിഭാ പുരസ്‌കാരങ്ങൾ മാർച്ച് 26 ഉച്ചക്ക് 2 ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ വിതരണം ചെയ്യും. കല/സാംസ്‌കാരികം, കായികം, സാഹിത്യം, കാർഷികം, വ്യവസായ സംരംഭകത്വം, മാധ്യമം തുടങ്ങിയ മേഖലകളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും വ്യത്യസ്തവും മാതൃകാപരവുമായ ഇടപെടലുകളാൽ സമൂഹത്തിനാകെ പുതുവെളിച്ചമുണ്ടാക്കുകയും ചെയ്ത യുവജനങ്ങളെയാണ് യൂത്ത് ഐക്കൺ അവാർഡിനായി തിരഞ്ഞെടുത്തത്. ശാരീരിക - മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തിൽ തങ്ങളുടെതായ ഇടം കണ്ടെത്തുകയും യുവതയ്ക്ക് പ്രചോദനമായി തീരുകയും ചെയ്ത യുവജനങ്ങൾക്കാണ് കേരള സംസ്ഥാന യുവജന കമ്മീഷൻ യുവപ്രതിഭാ പുരസ്‌കാരം നൽകുന്നത്.

നിഖില വിമൽ, വിനിൽ പോൾ, സജന സജീവൻ, ശ്രീവിദ്യ എം, ദേവൻ ചന്ദ്രശേഖരൻ, റോഷിപാൽ എന്നിവരാണ് യൂത്ത് ഐക്കൺ പുരസ്‌കാര ജേതാക്കൾ. മുഹമ്മദ് ആസിം വെളിമണ്ണ (കോഴിക്കോട്), ഫാത്തിമ അൻഷി (മലപ്പുറം), പ്രിയ മാത്യു (പത്തനംതിട്ട) എന്നിവരാണ് യുവപ്രതിഭാ പുരസ്‌കാര ജേതാക്കൾ.