പങ്കാളിത്തം കൊണ്ടും സംവാദം കൊണ്ടും സജീവമായി സെമിനാറുകള്‍

രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന രീതിയില്‍ ജനകീയമായാണ് കേരളീയം സെമിനാറുകള്‍ നടക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ടാഗോര്‍ ഹാളില്‍ നടന്ന വിദ്യാഭ്യാസ സെമിനാറില്‍
സാര്‍വത്രിക വിദ്യാഭ്യാസം നടപ്പാക്കുന്നതിലും ശക്തമായ ഒരു പൊതുവിദ്യാഭ്യാസ സംവിധാനം ഒരുക്കുന്നതിലും കേരളം കൈവരിച്ച നേട്ടങ്ങള്‍ വിലയിരുത്തപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തു. 3,600 കോടി രൂപ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ വിനിയോഗിക്കുന്നുണ്ട്. ചരിത്ര വസ്തുതകളെ ശരിയായ രീതിയില്‍ പഠിപ്പിച്ചു കൊണ്ടായിരിക്കണം പൊതു വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കേണ്ടതെന്നും സെമിനാര്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടതായും മന്ത്രി പറഞ്ഞു.
കേരളം ശരിയായ രീതിയിലാണ് പൊതുജനാരോഗ്യ മേഖലയില്‍ മുന്നേറുന്നതെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടതായി ആരോഗ്യ വനിത ശിശുവികസന ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പൊതുജനാരോഗ്യത്തിലും ആയുര്‍ദൈര്‍ഘ്യത്തിലും കേരളം മാതൃകയാണ്. ജീവിത ശൈലി രോഗങ്ങളുയര്‍ത്തുന്ന ആശങ്കകളും പ്രതിരോധ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളിലൂടെ മറികടക്കണം. അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ലോകത്തിലെ മികച്ച സ്ഥാപനങ്ങളിലൊന്നാണ്. നിപ്പ രോഗത്തിനുള്ള അന്റിബോഡി നിര്‍മാണം ഇവിടെ നടത്താന്‍ കഴിയുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളെ പ്രതിനിധികള്‍ അഭിനന്ദിച്ചതായും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ നിലവിലെ ധനസ്ഥിതിയും പ്രതിസന്ധികളും സാമ്പത്തിക സെമിനാറില്‍ ചര്‍ച്ച ചെയ്തതായി സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം പ്രൊഫ.ആര് രാം കുമാര്‍ പറഞ്ഞു. കേന്ദ്രഗവണ്മെന്റിന്റെ സംസ്ഥാനങ്ങളോടുള്ള സമീപനവും ചര്‍ച്ച ചെയ്തു. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ഉല്പാദന മേഖലകളായ കൃഷി, വ്യവസായം എന്നിവക്ക് ഊന്നല്‍ നല്‍കണം. സാമൂഹിക സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ മുതിര്‍ന്നവരുടെ എണ്ണം ജനസംഖ്യയില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കെയര്‍ ഇക്കോണമി നടപ്പിലാക്കുന്നതിനെക്കുറിച്ചും സെമിനാര്‍ വിശദമായി ചര്‍ച്ച ചെയ്തതായും പ്രൊഫ.ആര് രാം കുമാര്‍ പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതില്‍ കേരള സര്‍ക്കാര്‍ വളരെ മുന്നിലാണെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. മത്സ്യ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ആഴക്കടല്‍ മത്സ്യബന്ധനത്തിന് തൊഴിലാളികളെ പ്രാപ്തരാക്കുകയും വേണം. അക്വാകള്‍ച്ചര്‍ വ്യാപകമാക്കിയും വിയറ്റ്നാം മാതൃകയില്‍ കൂട് കൃഷി നടപ്പിലാക്കിയും കേരളത്തിന് ഏറെ മുന്നോട്ട് പോകാനുണ്ടെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടതായും രാം കുമാര്‍ പറഞ്ഞു.
കേരളത്തിന്റെ വിവര സാങ്കേതിക സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ഐ ടി സെമിനാര്‍ ചര്‍ച്ച ചെയ്തതായി സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം വി.നമശിവായം പറഞ്ഞു. സംസ്ഥാനത്തിന് ഐ ടി മേഖലയോടുള്ള താല്പര്യത്തില് പ്രതിനിധികള്‍ തൃപ്തി രേഖപ്പെടുത്തി. അതിനനുസൃതമായ ആവാസ വ്യവസ്ഥ രൂപപ്പെടുത്തേണ്ടത് അതാവശ്യമാണ്. മാറുന്ന ഗതിവേഗത്തിനനുസൃതമായി ഡിജിറ്റല്‍ സര്‍വകലാശാല അടക്കം സ്ഥാപിച്ച് കേരളം ബഹുദൂരം മുന്നോട്ട് പോയതായും നമശിവായം അഭിപ്രായപ്പെട്ടു
കനകക്കുന്ന് പാലസ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്.അനില്‍, ഐ.ബി സതീഷ് എം എല്‍ എ, ആസൂത്രണ ബോര്‍ഡംഗം പി.കെ. ജമീല, മീഡിയ അക്കാദമി ചെയര്മാന് ആര് എസ് ബാബു, ഐ പി ആര് ഡി ഡയറക്ടര്‍ ടി വി സുഭാഷ് എന്നിവരുംപങ്കെടുത്തു.