നെടുമങ്ങാട് മുത്താരമ്മന്‍ അമ്മന്‍കൊട മഹോത്സവം: 200 സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കും

മന്ത്രി ജി. ആര്. അനിലിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു
നെടുമങ്ങാട് ശ്രീ മുത്താരമ്മന്‍ ക്ഷേത്രത്തിൽ മാര്‍ച്ച് 5 മുതല്‍ 11 വരെ നടക്കുന്ന ഈ വര്‍ഷത്തെ അമ്മന്‍കൊട മഹോത്സവത്തിന് മുന്നോടിയായി നെടുമങ്ങാട് നഗര പ്രദേശത്ത് നഗരസഭയുടെ നേതൃത്വത്തില്‍ 200 ഓളം സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്. അനിലിന്റെ അധ്യക്ഷതയില്‍ നെടുമങ്ങാട് മുനിസിപ്പാലിറ്റിയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. നെടുമങ്ങാടിന്റെ ദേശീയോത്സവം എന്ന പ്രാധാന്യത്തോടെ ഓട്ടം മഹോത്സവം സംഘടിപ്പിക്കും. എല്ലാ വകുപ്പുകളുടെയും ഏകോപനത്തിനു വേണ്ടി നെടുമങ്ങാട് ആര്‍ടിഒ ജയകുമാറിനെ ചുമതലപ്പെടുത്തി. ഉത്സവവുമായി ബന്ധപ്പെട്ട് നഗരപ്രദേശത്ത് കര്‍ശനമായ പരിശോധന ഉണ്ടാകണമെന്ന് എക്സൈസ് വകുപ്പിന് മന്ത്രി നിര്‍ദ്ദേശം നല്കി. പൊങ്കാല കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഹരിതകര്‍മ സേനയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് നഗരസഭ അറിയിച്ചു. ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന പൂര്‍ത്തിയായി. താത്കാലിക വിപണന കേന്ദ്രങ്ങളിലും പരിശോധന നടത്തും. ഉത്സവപ്രദേശത്തും അനുബന്ധ പ്രദേശത്തും കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിച്ചു. പൊങ്കാല ദിവസം അധികമായി കുടിവെള്ള ടാങ്കറുകള്‍ ഏര്‍പ്പാടാക്കും. ഉത്സവ ദിവസങ്ങളില്‍ രാത്രിയില്‍ ഉള്‍പ്പെടെ നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് സ്പെഷ്യല്‍ സര്‍വീസുകള്‍ ഉണ്ടാകും. നെടുമങ്ങാട് മുത്താരമ്മന്‍ ക്ഷേത്രം അമ്മന്‍കൊട മഹോത്സവവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ യോഗമാണ് ഇന്ന് ചേര്‍ന്നത്. നെടുമങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ സി.എസ് ശ്രീജ, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാര്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.