ആശയങ്ങളുടെ പുതുലോകം തുറന്ന് അധ്യാപകരും വിദ്യാർത്ഥികളും; മികവ് മാറ്റുരച്ച് ജില്ലാതല മികവുത്സവം

സ്മാർട്ട് ഫോണുകളുടെയും സോഷ്യൽ മീഡിയയുടെയും ഉപയോഗം വ്യാപകമായപ്പോൾ കുട്ടികളുടെ സ്ക്രീൻ ടൈം കൂടി വരുന്നുവെന്ന ആശങ്കയിലാണ് പല രക്ഷിതാക്കളും. ഇതിനെ ശാസ്ത്രീയവും അക്കാദമികവുമായ സാധ്യതകൾ ഉപയോഗിച്ച് മറികടക്കുകയാണ് ശ്രീകണ്ഠാപുരം ഗവ. എച്ച്.എസ്.എസ് ലെ അധ്യാപകരും വിദ്യാർത്ഥികളും മുന്നോട്ടുവെച്ച ആശയം. ഗണിത ശാസ്ത്രത്തിലെ ജ്യാമിതീയ സങ്കേതങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള പഠനതന്ത്രങ്ങൾ കുട്ടികൾ ത്രിമാന രൂപങ്ങളായി അവതരിപ്പിച്ചപ്പോൾ ജില്ലാതല മികവുത്സവം നവീന അനുഭവമായി. അതികഠിനമായ ഗണിതശാസ്ത്ര പ്രശ്നങ്ങളെ അനായാസമായി കാണാനും സോഷ്യൽ മീഡിയാ ഉപയോഗത്തിൽ നിന്നും വഴിമാറി ഗണിതപ്രശ്നങ്ങളെ ആവേശത്തോടെ സമീപിക്കാനും ഉതകുന്ന രീതിയിൽ ശാസ്ത്രീയമായാണ് അവതരണം നടത്തിയത്. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഓരോ കുട്ടിയും ഗുണമേന്മയോടെ പുറത്തിറങ്ങണമെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ പദ്ധതിയുടെ മാതൃകയിൽ സമഗ്ര വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയുടെ ഭാഗമായാണ് മികവുത്സവം നടക്കുന്നത്.
കണ്ണൂർ ജില്ലാതല പരിപാടി ചാല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. നൂതന പദ്ധതികളിലൂടെ ഗുണപരമായ വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള ആരോഗ്യപരമായ മത്സരം സ്കൂളുകളിൽ നടക്കുന്നു എന്നത് ഏറെ അഭിമാനകരമാണെന്ന് അവർ പറഞ്ഞു. മുൻപ് അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന സ്കൂളുകൾ ഇന്ന് മികവിന്റെ കേന്ദ്രമായി മാറിയത് പൊതുവിദ്യാലയങ്ങളിലെ അക്കാദമിക മികവിന്റെ തെളിവാണ്. ഓരോ കുട്ടിയെയും സമഗ്രമായി പഠിക്കുമ്പോഴാണ് അവരുടെ കഴിവ് മനസ്സിലാവുക. അതിനായുള്ള പദ്ധതിയാണ് മികവുത്സവമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഡയറ്റ് പ്രിൻസിപ്പൽ വി.വി പ്രേമരാജൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ.കെ സുരേശൻ, ഡിഡിഇ ഇൻ ചാർജ് എ.എസ് ബിജേഷ്, എസ്.എസ്.കെ. ഡിപിസിഇ.സി വിനോദ്, ചാല ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടി.എം ശ്രീഷ്ണി, എച്ച്എസ്എസ് കണ്ണൂർ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ആർ രാജേഷ് കുമാർ, വിഎച്ച്എസ്ഇ കണ്ണൂർ അസിസ്റ്റന്റ് ഡയറക്ടർ ഇ.ആർ ഉദയകുമാരി, വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ കെ.സി സുധീർ, കൈറ്റ് ജില്ലാ കോ ഓർഡിനേറ്റർ കെ സുരേന്ദ്രൻ, പിടിഎ പ്രസിഡന്റ് എൻ പ്രമോദ്, പ്രധാനധ്യാപിക നൈന പുതിയവളപ്പിൽ, സ്റ്റാഫ് സെക്രട്ടറി വി അനീഷ്, കണ്ണൂർ ഡിഇഒ കെ.പി നിർമ്മല തുടങ്ങിയവർ സംസാരിച്ചു.
മികവുത്സവത്തിലെ വിജയികൾ
എൽ.പി വിഭാഗത്തിൽ നരവൂർ സൗത്ത് എൽ പി സ്കൂൾ ഒന്നാമതെത്തി. ചെറുതാഴം സൗത്ത് എൽ പി സ്കൂൾ രണ്ടാം സ്ഥാനവും കൊളവല്ലൂർ എൽ പി സ്കൂൾ മൂന്നാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ എം ടി എസ് ജി യു പി സ്കൂൾ മട്ടന്നൂർ ഒന്നാംസ്ഥാനം നേടി. മേലൂർ ഈസ്റ്റ് യുപി സ്കൂൾ രണ്ടാം സ്ഥാനവും ഗവ. ട്രൈബൽ യുപി സ്കൂൾ കണ്ണവം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എച്ച് എസ് വിഭാഗത്തിൽ ജി എച്ച് എസ് എസ് ശ്രീകണ്ഠാപുരം ഒന്നാംസ്ഥാനം കരസ്ഥമാക്കി. എ കെ ജി എസ് ജി എച്ച് എസ് എസ് പെരളശ്ശേരി രണ്ടാം സ്ഥാനവും നേടി. സബ്ജില്ല, വിദ്യാഭ്യാസ ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 36 വിദ്യാലയങ്ങളാണ് ജില്ലാതലത്തിൽ മികവുകൾ അവതരിപ്പിച്ചത്. എൽപി, യുപി വിഭാഗങ്ങളിൽ 15 സബ്ജില്ലകളെ പ്രതിനിധീകരിച്ച് ഓരോ ടീം വീതവും എച്ച് എസ് വിഭാഗത്തിൽ വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ച് ആറ് ടീമുകളുമാണ് പങ്കെടുത്തത്.