മലബാർ കേൻസർ സെന്ററിലെ നവീകരിച്ച ലാബുകൾ, ബ്ലഡ് സെന്റർ, ഓപ്പറേഷൻ തിയേറ്ററുകൾ എന്നിവ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

post

വടക്കൻ കേരളത്തെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ള ആരോഗ്യസ്ഥാപനമാണ് മലബാർ കാൻസർ സെന്റർ. മലബാർ മേഖലയിലുള്ളവർ കാൻസർ ചികിത്സയ്ക്കായി മറ്റിടങ്ങളിലേയ്ക്ക് സഞ്ചരിക്കേണ്ടി വരുന്ന സാഹചര്യം പരമാവധി ഒഴിവാക്കാനും അവിടെത്തന്നെ മികച്ച ചികിത്സയും പരിചരണവും നൽകാനുമാണ് സർക്കാർ ശ്രമിക്കുന്നത്. 2016 മുതൽ മലബാർ കാൻസർ സെന്ററിന്റെ ആധുനികവൽക്കരണവും വിപുലീകരണവും മികച്ച രീതിയിൽ നടപ്പാക്കി വരികയാണ്. അതിന്റെ ഭാഗമായി നിരവധി പുതിയ സൗകര്യങ്ങളാണ് ഇന്ന് മലബാർ കാൻസർ സെന്ററിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട ട്രീറ്റ്‌മെന്റ് ആൻഡ് അക്കാഡമിക് ബ്ലോക്ക്, നവീകരിച്ച ലാബുകൾ, ബ്ലഡ് ബാങ്ക്, ഓപ്പറേഷൻ തിയേറ്ററുകൾ, റോബോട്ടിക് ശസ്ത്രക്രിയാ സംവിധാനം, ഡിപ്രോ ഉപയോഗിച്ചുള്ള വയർലെസ്സ് ഇൻഫ്യൂഷൻ മോണിട്ടറിംഗ് സംവിധാനം എന്നിവ സെന്ററിന്റെ ഭൗതിക സൗകര്യങ്ങളെ കൂടുതൽ വിപുലമാക്കിയിരിക്കുന്നു.


നാലു നിലകളിലായി 97,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ട്രീറ്റ്‌മെന്റ് ആൻഡ് അക്കാഡമിക് ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 98 കോടി രൂപയാണ് ചിലവഴിച്ചത്. ഒ പി ബ്ലോക്കിന്റെ നവീകരണത്തിന്റെ ഭാഗമായി പുതിയ ഓപ്പറേഷൻ തിയേറ്റർ, നവീകരിച്ച ലാബുകൾ, ബ്ലഡ് ബാങ്ക് എന്നിവയും ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. റോബോട്ടിക് സർജ്ജറി സംവിധാനത്തിനായി 30 കോടി രൂപയാണ് ചിലവഴിച്ചിരിക്കുന്നത്. ഇതുകൂടാതെ ഉപകരണങ്ങൾ സ്റ്റെർലൈസ് ചെയ്യുന്നതിനുള്ള പ്ലാസ്മാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.


നവ തലമുറ സംരഭകത്വത്തെ പ്രോത്സാഹിപ്പിക്കാനും ആരോഗ്യമേഖലയിൽ നൂതനാശയങ്ങളും സൗകര്യങ്ങളും സൃഷ്ടിക്കുന്നതിനും ട്രീറ്റ്‌മെന്റ് ആൻഡ് അക്കാഡമിക്ക് ബ്ലോക്കിൽ ഒരു ഇൻക്യുബേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. അതുവഴി കാൻസർ ചികിത്സയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വിവിധ സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനങ്ങൾക്കാവശ്യമായ പിന്തുണ നൽകാൻ സാധിക്കും. എല്ലാ ജനവിഭാഗങ്ങളിലേയും അർബുദ രോഗികൾക്ക് ഒരുപോലെ മികച്ച കാൻസർ ചികിത്സ ഉറപ്പുവരുത്തുന്നതിനായി പൊതുമേഖല ആരോഗ്യസ്ഥാപനങ്ങളെ ശാക്തീകരിക്കുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്.