കോവിഡ് പ്രതിരോധം: കേരളത്തിന്റെ നേട്ടത്തിനാധാരം ആരോഗ്യപ്രവര്‍ത്തകരുടെ മികവ്

post

*ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്താന്‍ 17 അംഗ ടാസ്‌ക് ഫോഴ്സ്

തിരുവനന്തപുരം : കോവിഡ് 19 പ്രതിരോധത്തില്‍ കേരളത്തിന്റെ നേട്ടത്തിനാധാരം ആരോഗ്യ സംവിധാനത്തിന്റേയും ആരോഗ്യപ്രവര്‍ത്തകരുടേയും മികവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോകത്തെ വികസിത രാഷ്ട്രങ്ങളില്‍ പോലും കോവിഡ് വന്‍തോതില്‍ വ്യാപിക്കുകയും നിരവധി പേര്‍ മരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ന്യൂയോര്‍ക്കില്‍ മാര്‍ച്ച് ഒന്നിന് ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്ത ശേഷം 92,381 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2219 പേര്‍ മരണമടഞ്ഞു. ഈ പശ്ചാത്തലത്തില്‍ വേണം കേരളത്തിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ കാണാന്‍. കേരളത്തില്‍ ജനുവരി 30ന് ആദ്യ രോഗം സ്ഥിരീകരിച്ച ശേഷം 295 പേരാണ് രോഗബാധിതരായത്. രോഗവ്യാപനം വലിയ തോതില്‍ പിടിച്ചുനിര്‍ത്താന്‍ കേരളത്തിന് സാധിച്ചത് ഒറ്റക്കെട്ടായുള്ള പരിശ്രമത്തിന്റെ ഫലമായാണ്.

ലോക്ക്ഡൗണില്‍ നിന്ന് മാറുന്ന വേളയില്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ച് നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്താന്‍ മുന്‍ ചീഫ് സെക്രട്ടറി കെ. എം. എബ്രഹാമിന്റെ നേതൃത്വത്തില്‍ 17 അംഗ ടാസ്‌ക്ക്ഫോഴ്സിന് സംസ്ഥാനം രൂപം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്ണന്‍, മാമ്മന്‍മാത്യു, എം. വി. ശ്രേയാംസ്‌കുമാര്‍, ബിഷപ്പ് മാത്യു അറയ്ക്കല്‍, അരുണ സുന്ദര്‍രാജന്‍, ജേക്കബ് പുന്നൂസ്, ബി. രാമന്‍പിള്ള, രാജീവ് സദാനന്ദന്‍, ഡോ. ബി. ഇക്ബാല്‍, ഡോ. എം. വി. പിള്ള, ഡോ. ഫസല്‍ഗഫൂര്‍, മുരളി തുമ്മരുകുടി, ഡോ. മൃദുല്‍ ഈപ്പന്‍, ഡോ. പി. എ. കുമാര്‍, ഡോ. ഖദീജ മുംതാസ്, ഇരുദയരാജന്‍ എന്നിവരാണ് അംഗങ്ങള്‍.

ചരക്ക് ലോറികളുടെ വരവില്‍ ചെറിയ കുറവുണ്ടായിട്ടുണ്ട്. ചിലയിടങ്ങളില്‍ സാധനവില വര്‍ദ്ധിക്കുകയും പച്ചക്കറി ക്ഷാമം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ ഫലപ്രദമായ ഇടപെടലിന് നിര്‍ദ്ദേശിച്ചു. ജന്‍ധന്‍യോജന പ്രകാരമുള്ള 500 രൂപ എടുക്കുന്നതിന് മൂന്നു ദിവസം ബാങ്കുകളില്‍ തിരക്കുണ്ടാവാനിടയുണ്ട്. ഇക്കാര്യത്തില്‍ ബാങ്ക് അധികൃതരും പോലീസും ശ്രദ്ധിക്കണം. ഈ പ്രതിസന്ധി ഘട്ടത്തില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ്. അവരുടെ പ്രവര്‍ത്തനം പ്രശംസനീയമാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നല്ല രീതിയില്‍ സംഭാവന ലഭിക്കുന്നുണ്ട്. ഈ തുക മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ല. തിരുവനന്തപുരം ജില്ലാ പഞ്ചായത്തും വൈദ്യുതി താരിഫ് റഗുലേറ്ററി കമ്മിഷനും ഒന്നരകോടി രൂപ നല്‍കി. കണ്‍സ്യൂമര്‍ഫെഡ് ഒരു കോടി രൂപയും മാടായി റൂറല്‍ സഹകരണ ബാങ്ക് 76 ലക്ഷം രൂപയും നല്‍കി. പി. എസ്. സി ചെയര്‍മാനും അംഗങ്ങളും ഒരു മാസത്തെ വേതനം നല്‍കി. മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാരുടെ അസോസിയേഷന്‍ ഒരു മാസത്തെ ശമ്പളമാണ് നല്‍കിയത്. കോഴിക്കോട് വടക്കുമ്പാട് സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും 38,65,000 രൂപ നല്‍കി. എറണാകുളം ജില്ലാ പോലീസ് വായ്പ സംഘം 25 ലക്ഷം രൂപ നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും സ്വകാര്യ മേഖലയിലേതുള്‍പ്പെടെയുള്ള ജീവനക്കാര്‍ ദുരിതാശ്വാസ നിധിയുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

198 റേഷന്‍ കടകളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന നടത്തി 19 കടകള്‍ക്കെതിരെ നടപടിയെടുത്തു. 12,000 രൂപ പിഴയീടാക്കി. ഗ്രാമങ്ങളില്‍ ചിലയിടങ്ങളില്‍ ക്ലിനിക്കുകള്‍ തുറക്കുന്നില്ലെന്നും ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. എല്ലാ ക്ലിനിക്കുകളും തുറന്ന് പ്രവര്‍ത്തിക്കണം. ഈ ഘട്ടത്തില്‍ എല്ലാവരും മാസ്‌ക്ക് ധരിക്കുന്നത് ഉചിതമാണ്. ഇക്കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ കൃത്യമായ ബോധവത്ക്കരണം സമൂഹത്തില്‍ ഉണ്ടാവണം. മറ്റുള്ളവര്‍ക്ക് രോഗം പടരാതിരിക്കാന്‍ കരുതലിന്റെ ഭാഗമായി മറ്റു രാജ്യങ്ങളില്‍ മാസ്‌ക്ക് ധരിക്കുന്നുണ്ട്. മീനിലെ മായം കണ്ടെത്താനുള്ള പരിശോധന വ്യാപകമാക്കും. കരള്‍മാറ്റിവച്ചവര്‍ക്ക് ആവശ്യമായ മരുന്ന് എത്തിക്കുന്നതിന് സന്നദ്ധപ്രവര്‍ത്തകര്‍, പോലീസ്, ഫയര്‍ഫോഴ്സ് എന്നിവര്‍ നടപടി സ്വീകരിക്കും. മത്സ്യബന്ധനത്തിന് മറ്റു സ്ഥലങ്ങളില്‍ പോയി മടങ്ങി വരുന്നവര്‍ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയരാകണം. നിശ്ചിത ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടതായും വരും. ലോക്ക്ഡൗണ്‍ കാലയളവില്‍ തീരമേഖലയില്‍ പട്ടിണിയും കഷ്ടപ്പാടും ഉണ്ടാകാതെ ശ്രദ്ധിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സാമൂഹ്യ അടുക്കളകളില്‍ അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കണം. അവിടെ നിയോഗിക്കപ്പെട്ടവര്‍ മാത്രം മതി. ഇഷ്ടക്കാര്‍ക്ക് ഭക്ഷണം കൊടുക്കാമെന്ന് പ്രത്യേക സ്ഥാനത്തിരിക്കുന്നവര്‍ കരുതിയാല്‍ അനുവദിക്കില്ല. ഇതിനെതിരെ തദ്ദേശസ്ഥാപനങ്ങള്‍ ശക്തമായ നിലപാട് സ്വീകരിക്കണം. കോട്ടയം നഗരസഭയ്ക്ക് കീഴിലുള്ള കമ്മ്യൂണിറ്റി കിച്ചന്‍ തനതുഫണ്ട് തീര്‍ന്നതിനാല്‍ നിറുത്തേണ്ടി വരുമെന്ന റിപ്പോര്‍ട്ട് ശ്രദ്ധയില്‍പെട്ടു. എന്നാല്‍ മാര്‍ച്ച് 31ലെ കണക്കു പ്രകാരം കോട്ടയം നഗരസഭയുടെ തനതുഫണ്ടില്‍ അഞ്ച് കോടി രൂപയുണ്ട്. 3,01,255 പേര്‍ക്ക് സമൂഹ അടുക്കളയിലൂടെ ഭക്ഷണം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ക്ക് കെ. എസ്. ആര്‍. ടി. സി ഡ്രൈവര്‍മാരുടെ സേവനം ഉപയോഗിക്കാം. വിവിധയിടങ്ങളിലെ മാലിന്യം കൃത്യമായി സംസ്‌കരിക്കാനാവണം. കുടിവെള്ളത്തിന് ക്ഷാമമുണ്ടാകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ 997 നീതി മെഡിക്കല്‍ സ്റ്റോറുകള്‍ വഴി  അവശ്യമരുന്നുകള്‍ വീടുകളിലെത്തിക്കും. ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ അവശ്യ സാധനങ്ങളുടെ ഹോം ഡെലിവറിയും കണ്‍സ്യൂമര്‍ ഫെഡറേഷന്‍ നിര്‍വഹിക്കും.

ഈ അവസരത്തില്‍ നിരവധി വ്യാജ വാര്‍ത്തകള്‍ ഉണ്ടാകുന്നുണ്ട്. തമിഴ്നാട്ടില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതിനാല്‍ കേരളം അതിര്‍ത്തി മണ്ണിട്ട് അടച്ചുവെന്നാണ് ഒരു വാര്‍ത്ത. അയല്‍ സംസ്ഥാനത്തുള്ളവരെ കേരളം സഹോദരങ്ങളായാണ് കാണുന്നത്. കേരളം റോഡ് തടസപ്പെടുത്തുകയോ മണ്ണിട്ടു മൂടുകയോ ചെയ്യില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വീടുകളിലിരുന്ന ജോലി ചെയ്യുന്നവര്‍ക്കായി പ്രതിദിനം അഞ്ച് ജിബി ഡാറ്റ സൗജന്യമായി ലഭിക്കുന്ന ബ്രോഡ് ബാന്‍ഡ് സംവിധാനം ബി. എസ്. എന്‍. എല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കും ധനസഹായം സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.