അവധിക്കാല സന്തോഷങ്ങള്‍ : കുട്ടികള്‍ക്കായി എഡ്യുടൈന്മെന്റ് പഠനവിഭവങ്ങള്‍ സമഗ്ര പോര്‍ട്ടലില്‍

post

തിരുവനന്തപുരം : കോവിഡ് -19 വൈറസ് വ്യാപനം മൂലം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നഷ്ടപ്പെട്ട പഠനദിനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് തിരികെ ലഭിക്കുന്നതിനും അവധിക്കാലം സൃഷ്ടിപരവും സര്‍ഗാത്മകവുമായ സാഹചര്യം വീടുകളിലൊരുക്കുന്നതിനും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ & ടെക്‌നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്) എസ്.സി.ഇ.ആര്‍.ടി.യുമായി ചേര്‍ന്ന് 'അവധിക്കാല സന്തോഷങ്ങള്‍' എന്ന പേരില്‍ പ്രത്യേക സംവിധാനം ഒരുക്കി. സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് നമ്മുടെ 45 ലക്ഷം കുട്ടികള്‍ ഇപ്പോള്‍ വീട്ടിലിരിക്കുന്ന സാഹചര്യത്തില്‍ ഈ സംവിധാനം വ്യാപകമായി  പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  പത്രസമ്മേളനത്തില്‍ പ്രത്യേകം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി കൈറ്റ് തയ്യാറാക്കിയ  ഓണ്‍ലൈന്‍ സംവിധാനമായ 'സമഗ്ര' പോര്‍ട്ടലിലാണ് ' ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തെ 5 മുതല്‍ 9 വരെ സ്‌കൂളുകളിലെ മുഴുവന്‍  കുട്ടികള്‍ക്കുമായി ഡിജിറ്റല്‍ വിഭവങ്ങള്‍ ഒരുക്കിയിരിക്കുന്നത് . വിവിധ കളികളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും കുട്ടികള്‍ക്ക് നിശ്ചിത ശേഷികള്‍ ആര്‍ജിക്കാന്‍ കഴിയുന്ന പ്രത്യേക 'എഡ്യൂട്ടന്റ്‌മെന്റ്' രൂപത്തിലാണ് ഇവ തയാറാക്കിയിട്ടുള്ളത്.

സമഗ്ര ( samagra.kite.kerala.gov.in ) പോര്‍ട്ടലിലെ എഡ്യുടൈന്മെന്റ്  (Edutainment) എന്ന ലിങ്ക് വഴി പഠനവിഭവങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാം. കുട്ടികള്‍ക്ക് ഇവിടെ ക്ലാസ്, ടോപിക് ക്രമത്തില്‍ തിരഞ്ഞെടുത്ത്  ഓരോ വിഷയത്തിലെയും റിസോഴ്‌സുകളിലെത്താം. റിസോഴ്‌സുകള്‍ ഉപയോഗിച്ചതിനുശേഷം അതിനോടനുബന്ധിച്ചുള്ള വര്‍ക്ക്ഷീറ്റുകളും ക്വിസുകളും കുട്ടികള്‍ക്ക് ചെയ്യാം. വര്‍ക്ക്ഷീറ്റുകള്‍ ഇന്ററാക്ടീവ് ആയും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തില്‍ ലഭ്യമാണ്. ഇതിനു പുറമെ സമഗ്രയിലെ ഇ-റിസോഴ്സ്സ് ( e-Reosurces) ലിങ്ക് വഴി 1 മുതല്‍ 12 വരെ ക്ലാസ്സുകളിലേക്കുള്ള ഡിജിറ്റല്‍ വിഭവങ്ങളും ലഭ്യമാക്കിയിട്ടുണ്ട് .

കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ മൊബൈല്‍ ഫോണ്‍ വഴി ഇത് പ്രയോജനപ്പെടുത്താവുന്നതാണ്. ഒപ്പം നിലവില്‍ ഇത്തരം സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് ഹൈടെക് പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ കൈറ്റ് വിന്യസിച്ചിട്ടുള്ള 1.2 ലക്ഷം ലാപ്ടോപ്പുകള്‍ പ്രയോജനപ്പെടുത്തി ഇവ ലഭ്യമാക്കാന്‍ 'ലിറ്റില്‍ കൈറ്റ്‌സ് ' ഐ.ടി ക്ലബുകള്‍ വഴി   പിന്നീട് സംവിധാനം ഒരുക്കുന്നതാണെന്ന് കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍സാദത്ത് അറിയിച്ചു..

രാജ്യം ലോക്ക്ഡൗണ്‍ ആയ സാഹചര്യത്തില്‍ കൈറ്റിലെ നൂറ്ററുപതോളം അധ്യാപകരും സംസ്ഥാനത്ത വിവിധജില്ലകളിലുള്ള വിദ്യാഭ്യാസവിദഗദ്ധരും ചേര്‍ന്ന് വീടുകളിലിരുന്നാണ് വിഭവങ്ങള്‍ തയാറാക്കുന്ന പ്രവര്‍ത്തനം നടത്തികൊണ്ടിരിക്കുന്നത്. ഈ വിഭവങ്ങള്‍ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുകയാണ് .