ശുചിത്വ മിഷന്റെ ടോയിലറ്റ് കാമ്പയിൻ
പൊതു ശുചിമുറികളുടെ ശുചിത്വ, സേവന ഗുണനിലവാരം മെച്ചപ്പെടുത്തി പൊതുജന സൗഹൃദമാക്കുന്നതിനുള്ള നടപടികൾ സർക്കാരിന്റെ മുൻഗണനാ വിഷയമാണെന്ന് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. അന്താരാഷ്ട്ര ശുചിമുറി ദിനാചരണത്തിന്റെ ഭാഗമായി കേരളത്തിൽ ശുചിത്വ മിഷൻ സംഘടിപ്പിക്കുന്ന ടോയിലറ്റ് ക്യാമ്പയിന്റെ ഉദ്ഘാടനം കാമ്പയിൻ പോസ്റ്റർ പുറത്തിറക്കി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വീടുകൾ, പൊതുസ്ഥാപനങ്ങൾ, പൊതുവിടങ്ങൾ എന്നിവിടങ്ങളിൽ വൃത്തിയുളളതും ശാസ്ത്രീയമായ വിസർജ്യ സംസ്‌കരണ സംവിധാനത്തോട് കൂടിയതുമായ ശുചിമുറി എല്ലാ വിഭാഗം ജനങ്ങൾക്കും ഉറപ്പാക്കുവാൻ ലക്ഷ്യമിട്ടുള്ളതാണ് കാമ്പയിൻ. ഗാർഹിക ശുചിമുറികൾ ഇല്ലാത്തവരായി ആരും അവശേഷിക്കുന്നില്ല എന്നുറപ്പാക്കുന്നതോടൊപ്പം സാനിറ്റേഷൻ മേഖലയിലെ രണ്ടാം തലമുറ വിഷയങ്ങളായ കക്കൂസ് മാലിന്യ സംസ്‌കരണ പദ്ധതികൾ എല്ലാ ജില്ലകളിലും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ പബ്ലിക്ക് ടോയിലറ്റുകളുടെ ശുചിത്വ - സേവന നിലവാരം മെച്ചപ്പെടുത്തി പൊതുജന സൗഹൃദമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പൊതുശുചിമുറി ഗുണനിലവാര വിലയിരുത്തൽ സർവ്വേ നടപടികൾക്കും തുടക്കമായി. ഇതിനായി ശുചിത്വ മിഷന് വേണ്ടി WASH ഇൻസ്റ്റിറ്റ്യൂട്ട് തയാറാക്കിയ കൈപുസ്തകത്തിന്റെ പ്രകാശനം മന്ത്രി നിർവ്വഹിച്ചു.
സംസ്ഥാനത്തെ മുഴുവൻ ആളുകൾക്കും ഗാർഹിക ശുചിമുറി ലഭ്യത ഉറപ്പാക്കുവാൻ ശുചിത്വ മിഷൻ ലക്ഷ്യമിടുന്നു. ഇതിനായി അർഹതപ്പെട്ടവർക്ക് 15400/-രൂപ ശുചിമുറി നിർമ്മാണത്തിനുളള പ്രോൽസാഹനമായി നൽകും. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുളള നടപടികൾ ടോയിലറ്റ് കാമ്പയിന്റെ ഭാഗമായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ സംഘടിപ്പിക്കും. ഡിസംബർ 25 വരെയാണ് കാമ്പയിൻ.
നിലവിലുളള ശുചിമുറികളുടെ നിലവാരം വർദ്ധിപ്പിക്കുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനും അവ ഓൺലൈൻ സംവിധാനത്തിലൂടെ ജനങ്ങൾക്ക് ട്രാക്ക് ചെയ്യുന്നതിനുമുളള സംവിധാനങ്ങൾ ഉടൻ നിലവിൽ വരും. ഏറ്റവും അടുത്തുളളതും വൃത്തിയുളളതുമായ ശുചിമുറി എവിടെയാണുളളതെന്ന് മനസ്സിലാക്കി അവ ഉപയോഗപ്പെടുത്തുന്നതിനും ശുചിമുറി ഗുണനിലവാരത്തെപ്പറ്റി പ്രതികരണം അറിയിക്കുന്നതിനും ഇതിലൂടെ സാധിക്കും.