കര്‍ഷകരില്‍ നിന്നും 7 ടണ്‍ പച്ചക്കറി ശേഖരിച്ചു

post

വയനാട് : ലോക്ക് ഡൗണ്‍ പാശ്ചാത്തലത്തില്‍ വിപണി കണ്ടെത്താന്‍ പ്രയാസപ്പെട്ട കര്‍ഷകരില്‍ നിന്ന് പച്ചക്കറി ശേഖരിക്കാനുളള ജില്ലാ ഭരണകൂടത്തിന്റെ ശ്രമത്തിന് നല്ല പ്രതികരണം. ഇതുവരെ 7 ടണ്‍ പച്ചക്കറിയാണ് കര്‍ഷകരില്‍ നിന്നും  കൃഷിവകുപ്പ് മുഖേന ശേഖരിച്ചത്. കുറഞ്ഞ അളവിലുളള പച്ചക്കറികള്‍ കമ്മ്യൂണിറ്റി കിച്ചണിലേക്കും ഇക്കോ ഷോപ്പുകളിലേക്കും നല്‍കി. ബാക്കിയുളളവ ഹോര്‍ട്ടികോര്‍പ്പിന് ഞായറാഴ്ച്ച കൈമാറും. പ്രാദേശികമായി വിളവെടുക്കുന്ന ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ സാധിക്കാതെ  കര്‍ഷകര്‍ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് പച്ചക്കറികള്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ആവശ്യത്തിനായി ശേഖരിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.  ഏകോപനത്തിനായി  കളക്ട്രേറ്റിലെ എമര്‍ജന്‍സി സെല്ലില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇവര്‍ കര്‍ഷകരുമായി ബന്ധപ്പെട്ടാണ് പച്ചക്കറികള്‍ സംഭരിക്കാനുളള നടപടികള്‍ സ്വീകരിച്ചത്. തൊട്ടടുത്ത കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യമനുസരിച്ച്  ഉത്പന്നങ്ങള്‍ എത്തിക്കാന്‍ കര്‍ഷകര്‍ക്ക് പ്രത്യേകം പാസും ഒരുക്കി. ഇരുപത്തിനാല് മണിക്കൂറിനകം പച്ചക്കറികളുടെ വില ഓണ്‍ലൈന്‍ വഴി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്ന രീതിയിലാണ് സംഭരണം നടത്തിയത്.

പച്ചക്കറികളുടെ സംഭരണ വിവരങ്ങള്‍ ഇങ്ങനെ (കിലോയില്‍)

പയര്‍ - 1400 , പാവല്‍ - 230 , ഇഞ്ചി - 100, തക്കാളി -250, നേന്ദ്രന്‍ -3370 ,ചീര - 20, വഴുതന -30 ,ബീറ്റ്റൂട്ട് 1000, റോബസ്റ്റ - 400, കയ്പ്പക്ക - 130, മുളക് -30,വെണ്ട - 40, മത്തന്‍ - 60.