ലോക ഹരിത ഉപഭോക്തൃദിനാചരണം; ഹരിത ഉപഭോക്തൃ സംസ്‌കാരം വളര്‍ത്തിയെടുക്കണമെന്ന് മന്ത്രി ജി.ആര്‍അനില്‍

post

പരിസ്ഥിതിക്കു ദോഷം ചെയ്യുന്ന തരത്തിലുള്ള മാലിന്യത്തിന്റെ അളവ് പരമാവധി കുറച്ചുകൊണ്ട് പരിസ്ഥിതി സൗഹൃദമായ ഉത്പന്നങ്ങൾ തെരഞ്ഞെടുത്ത് ഹരിത ഉപഭോക്തൃ സംസ്‌കാരം വളർത്തിയെടുക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഉപയോഗിക്കുന്ന ഓരോ വസ്തുവിന്റെയും ഉത്പാദന വേളയിൽ പരിസ്ഥിതിയെ മലിനമാക്കുന്ന കാർബൺ ഉൾപ്പെടെയുള്ള വാതകങ്ങൾ പുറന്തള്ളപ്പെടുന്നതിനാൽ ആവശ്യത്തിനുള്ള സാധനങ്ങൾ വിവേകപൂർവം തിരഞ്ഞെടുക്കുന്നത് പരിസ്ഥിതി സംരക്ഷണത്തിന് കൂടുതൽ മുതൽക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു. ലോക ഹരിത ഉപഭോക്തൃ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടം ലീഗൽ മെട്രോളജി ഭവനിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

പരിസ്ഥിതി സംരക്ഷണത്തിൽ മാലിന്യനിർമാർജനത്തിന് വലിയ പങ്കുണ്ട്. ജൈവ അജൈവ മാലിന്യങ്ങൾ നിർമാർജ്ജനം ചെയ്യുന്നതിന് പുതിയ പദ്ധതികൾ സർക്കാർ നടപ്പാക്കികൊണ്ടിരിക്കുകയാണ്. പരിസ്ഥിതി മലിനമാക്കുന്ന ഊർജ ഉപഭോഗ പാരമ്പര്യ നിന്നും സുലഭമായതും ചെലവു കുറഞ്ഞതുമായ പാരമ്പര്യേതര ഊർജ്ജത്തിലേക്ക് മാറേണ്ടതുണ്ട്. ശുദ്ധ ഊർജ്ജത്തിലേക്കുള്ള മാറ്റം പ്രകൃതി സംരക്ഷണത്തിന് ആക്കംകൂട്ടുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വനനശീകരണം തടയേണ്ടതിന്റെയും സുസ്ഥിര ഭൂവിനിയോഗം കർശനമായി നടപ്പാക്കേണ്ടതിന്റെയും കാലാവസ്ഥ മാറ്റങ്ങളിലൂടെയുള്ള ദൂഷ്യഫലങ്ങൾ പരമാവധി കുറയ്ക്കേണ്ടതിന്റെയും ആവശ്യകത മനസ്സിലാക്കി ഓരോരുത്തരും പ്രവർത്തിക്കേണ്ടിയിരിക്കുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടുമ്പോൾ പ്രകൃതി പ്രതികരിക്കുന്നു. അത് നമുക്ക് തടുക്കാനും ചെറുക്കാനും സാധ്യമല്ലെന്നാണ് വയനാട് ദുരന്തം ഓർമ്മിപ്പിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.


ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിന്റെ ഭാഗമായി സുസ്ഥിര നിലനിൽപ്പിനായി ഹരിത ഉപഭോഗം എന്ന പോസ്റ്റർ മന്ത്രി പ്രകാശനം ചെയ്തു. വകുപ്പിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'ഉപഭോക്തൃ കേരളത്തി'ന്റെ 2024-25 വർഷത്തെ ആദ്യ പതിപ്പ് മന്ത്രി നഗരസഭാ ഡെപ്യൂട്ടി മേയർ പി കെ രാജുവിന് നൽകി പ്രകാശനം നിർവ്വഹിച്ചു.


നഗരസഭാ ഡെപ്യൂട്ടി മേയർ പി കെ രാജു അദ്ധ്യക്ഷനായ ചടങ്ങിൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ് പി.വി ജയരാജൻ മുഖ്യാതിഥി ആയിരുന്നു. ലീഗൽ മെട്രോളജി കൺട്രോളർ വി.കെ അബ്ദുൾ കാദർ ആശംസ അർപ്പിച്ചു. തുടർന്ന് ഹരിത ഉപഭോഗവും കാലാവസ്ഥ പരിപാലനവും എന്ന വിഷയത്തെ ആസ്പദമാക്കി ഭൗമ പരിസ്ഥിതി ശാസ്ത്രജ്ഞനും ജലവിഭവ വകുപ്പ് മുൻ ഡയറക്ടറുമായ ഡോ. വി. സുബാഷ് ചന്ദ്രബോസ് പ്രഭാഷണം നടത്തി. ചടങ്ങിന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ മുകുന്ദ് ഠാക്കൂർ സ്വാഗതവും റേഷനിംഗ് കൺട്രോളർ കെ. അജിത് കുമാർ നന്ദിയും രേഖപ്പെടുത്തി.