14.5 കോടിയുടെ പൊട്ടച്ചാല്‍ തോട് പ്രളയ നിവാരണ പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം
കളമശ്ശേരി നഗരസഭയിലെ പൊട്ടച്ചാല്‍, പരുത്തേലി പ്രദേശങ്ങളില്‍ പ്രളയ - വെള്ളക്കെട്ട് സാധ്യതകള്‍ പൂര്‍ണ്ണമായി ഒഴിവാക്കുന്നതിനു വേണ്ടി നടപ്പാക്കുന്ന പ്രളയ നിവാരണ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. പദ്ധതി 18 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
കളമശ്ശേരി നഗരസഭയിലെ അല്‍ഫിയ നഗര്‍, അറഫാ നഗര്‍, വിദ്യാനഗര്‍, കൊച്ചി സര്‍വകലാശാല തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് പൂര്‍ണമായി ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരത്ത് ചേര്‍ന്ന റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് ഇംപ്‌ളിമെന്റേഷന്‍ കമ്മിറ്റി പദ്ധതിക്ക് നേരത്തെ അംഗീകാരം നല്‍കിയിരുന്നു. പൊട്ടച്ചാല്‍ തോടിന്റെ സമഗ്ര നവീകരണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വര്‍ഷങ്ങളായി വെള്ളക്കെട്ടുള്ള പ്രദേശത്ത് മന്ത്രി പി.രാജീവിന്റെ നിര്‍ദ്ദേശപ്രകാരം ജലവിഭവ വകുപ്പ് മാപ്പിംഗ് നടത്തിയാണ് പരിഹാര പദ്ധതി തയ്യാറാക്കിയത്. ബോക്‌സ് കല്‍വര്‍ട്ട് ഉപയോഗിച്ച് വീതി കൂട്ടി തോട് സംരക്ഷിക്കുന്നതാണ് പദ്ധതി. മഴക്കാലത്തെത്തുന്ന വെള്ളം മുഴുവന്‍ സുഗമമായി ഒഴുകിപ്പോകാന്‍ വഴിയൊരുക്കുന്ന വിധത്തിലാണ് പദ്ധതിയുടെ രൂപകല്‍പനയെന്ന് ഇറിഗേഷന്‍ വകുപ്പ് അറിയിച്ചു. കല്‍വര്‍ട്ടും പുന:സ്ഥാപിക്കും. പ്രളയജലം നില്‍ക്കാന്‍ സാധ്യതയുള്ള ഉയര്‍ന്ന വിതാനം അടിസ്ഥാനമാക്കിയാണ് ബോക്‌സ് കല്‍വര്‍ട്ട് സ്ഥാപിക്കുക. കൈയ്യേറ്റം മൂലം തോടിന്റെ വീതി ഗണ്യമായി കുറഞ്ഞിരുന്നു. പല സ്ഥലങ്ങളിലും നേരിയ നീര്‍ച്ചാലായി തോട് മാറി. വര്‍ഷകാലത്ത് ജലമൊഴുക്ക് താങ്ങാനുള്ള ശേഷിയില്ലാത്തതിനാല്‍ പെട്ടെന്ന് വെള്ളക്കെട്ടിന് കാരണമാവുകയും ചെയ്യുന്നതായി ജലവിഭവ വകുപ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തി. ജനവാസ മേഖലകളായ പൊട്ടച്ചാല്‍, കുസാറ്റ് തുടങ്ങിയ മേഖലകളില്‍ വെള്ളക്കെട്ട് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ പദ്ധതിയിലൂടെ കഴിയുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
1037 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ തോടിന്റെ വീതി കൂട്ടും. മന്ത്രി തലത്തില്‍ നിരവധി യോഗങ്ങള്‍ ചേര്‍ന്നാണ് പദ്ധതി അന്തിമമാക്കിയത്. പ്രദേശത്തിന്റെ ദീര്‍ഘകാലാവശ്യമാണ് ഇപ്പോള്‍ നിറവേറ്റപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. നേരത്തെ മന്ത്രി ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ക്കൊപ്പം പദ്ധതി പ്രദേശം സന്ദര്‍ശിച്ചിരുന്നു. പദ്ധതിയെക്കുറിച്ച് അവതരണം നടത്തി പൊതുജനാഭിപ്രായം രൂപീകരിച്ചാണ് അന്തിമമാക്കിയത്.