വിദേശ മലയാളികളുടെ ആശങ്ക അകറ്റാന്‍ കേന്ദ്രം അടിയന്തരമായി ഇടപെടണം: മുഖ്യമന്ത്രി

post

തിരുവനന്തപുരം : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര വിമാനയാത്രാ വിലക്ക് വിദേശ മലയാളികള്‍ക്ക് പ്രത്യേകിച്ച് ഗള്‍ഫ് നാടുകളിലെ മലയാളി സമൂഹത്തിന് ഏറെ ആശങ്കയുണ്ടാക്കുന്നുവെന്നും മൃതദേഹം നാട്ടിലെത്തിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ജയ് ശങ്കറിന് അയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കൊറോണാ ബാധിതരല്ലാതെ മരണമടയുന്ന വിദേശ മലയാളികളുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യം പരേതരുടെ കുടുംബത്തെ കടുത്ത വൈകാരിക സംഘര്‍ഷത്തിലാക്കുന്നു. കാര്‍ഗോ വിമാനത്തില്‍ ഭൗതിക ശരീരം കാലതാമസം ഇല്ലാതെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യന്‍ എമ്പസി വഴി നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പരേതരുടെ അന്ത്യ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനുള്ള ബന്ധുക്കളുടെ അവകാശം ഹനിക്കപ്പെടാന്‍ പാടില്ല.

ഗള്‍ഫ് രാജ്യങ്ങളിലെ തൊഴിലാളികള്‍ പലപ്പോഴും ഒരു മുറിയില്‍ ഒന്നിലേറെപ്പേരുമായി താമസിക്കുന്ന അവസ്ഥയാണുള്ളത്. ഇത് ഇപ്പോഴത്തെ സാഹചര്യത്തില്‍ സുരക്ഷിതമല്ല.രോഗബാധിതരെ പാര്‍പ്പിക്കുന്ന ക്വാറന്റയിന്‍ സെന്ററില്‍ ആവശ്യമായ ഭൗതിക സൗകര്യങ്ങളോ മെഡിക്കല്‍ പരിരക്ഷയോ ലഭിക്കാത്ത സാഹചര്യം ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യത്തിലും കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ പതിയേണ്ടതുണ്ട്. വിദേശത്ത് ക്വാറന്റയിനില്‍ കഴിയുന്ന മലയാളികള്‍ക്ക് മെച്ചപ്പെട്ട താമസ സൗകര്യവും ചികിത്സാ സഹായവും ഏര്‍പ്പെടുത്തുന്നതിനും കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. ഇതിനായി ഇന്ത്യന്‍ മിഷനില്‍ നിഷിപ്തമായ ഇന്ത്യന്‍ കമ്യൂണിറ്റിവെല്‍ഫെയര്‍ ഫണ്ട് വിനിയോഗിക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രിക്കയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചു.

  ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരും നിലവില്‍ നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നു. ആവശ്യമായ വ്യക്തി സുരക്ഷാ ഉപകരണങ്ങളില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന നഴ്സുമാരും ആശങ്കയിലാണ്. ആരോഗ്യരംഗത്തെ മുന്നണി പ്രവര്‍ത്തകരായ നഴ്സുമാര്‍ക്ക് വേണ്ട ആരോഗ്യ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ അതത് വിദേശ രാജ്യങ്ങളുമായി കേന്ദ്രം ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

   ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലങ്ങളില്‍ കോവിഡ് 19 പരിശോധനയ്ക്കുള്ള നിര്‍ദ്ദേശം നല്‍കണം. നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അതത് രാജ്യത്തെ ഇന്ത്യന്‍ അമ്പാസിഡര്‍മാര്‍ വഴി കേന്ദ്രം അടിയന്തരമായി ഇടപെടണം. ഇത് വിദേശ മലയാളി സമൂഹത്തിന് ഏറെ ആശ്വാസം നല്കുമെന്നും കേന്ദ്ര മന്ത്രിക്കയച്ച കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.