ചക്രവാതചുഴി: കേരളത്തിൽ അടുത്ത അഞ്ചുദിവസവും മഴ

ചക്രവാതചുഴിയുടെ പ്രഭാവത്തിൽ കേരളത്തിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ കേരളത്തിന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടി / മിന്നൽ / കാറ്റ് ( 30 -40 കിലോമീറ്റർ വേഗത) കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയുണ്ട്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ് 25 മുതൽ 27 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യുന മർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ചു ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. തുടർന്ന് മെയ് 26 രാവിലെയോടെ വീണ്ടും ശക്തി പ്രാപിച്ചു തീവ്രചുഴലിക്കാറ്റായി (severe cyclonic storm) മാറി അർധരാത്രിയോടെ ബംഗ്ലാദേശ്-സമീപ പശ്ചിമ ബംഗാൾ-തീരത്ത് സാഗർ ദ്വീപിനും ഖെപ്പുപാറക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
***




