കണ്ണൂരിൽ 20,68,703 വോട്ടര്‍മാര്‍; 1861 പോളിങ് സ്‌റ്റേഷനുകള്‍

post

ലോക്‌സഭ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ സജ്ജമായി

ലോക്‌സഭ തെരഞ്ഞെടുപ്പ് സുതാര്യവും സുഗമവുമായി നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും കണ്ണൂർ ജില്ലയില്‍ സജ്ജമായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടർ അരുണ്‍ കെ. വിജയന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ മാതൃകാപെരുമാറ്റ ചട്ടം നിലവിലുണ്ട്. മാതൃകാ പെരുമാറ്റചട്ട ലംഘനം, ചെലവുകണക്കുകള്‍ എന്നിവ നിരീക്ഷിക്കാന്‍ ജില്ലയില്‍ 66 സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ജനുവരി 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടിക പ്രകാരം 20,54,158 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ഇതില്‍ 9,70,607 പുരുഷന്മാരും 10,83,542 സ്ത്രീകളുള്‍പ്പെടും. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് മാര്‍ച്ച് 25വരെ അവസരമുണ്ട്. ജനുവരി 22നു ശേഷം പുതുതായി 14,545 വോട്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തി വോട്ടര്‍മാരുടെ എണ്ണം 20,68,703 ആയെന്നും കലക്ടര്‍ അറിയിച്ചു. സ്ഥാനാര്‍ഥികള്‍ക്ക് മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ നാലുവരെ നോമിനേഷന്‍ സമര്‍പ്പിക്കാം. ഏപ്രില്‍ എട്ടുവരെ നോമിനേഷന്‍ പിന്‍വലിക്കാനും അവസരമുണ്ടാകും.

ജില്ലയില്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴു നിയോജക മണ്ഡലങ്ങളിലും കാസര്‍കോട്, വടകര പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന രണ്ടു വീതം നിയോജക മണ്ഡലങ്ങളിലുമായി 1861 പോളിംഗ് സ്റ്റേഷനുകളാണ് നിലവിലുള്ളത്. കൂടാതെ പുതിയ ഏഴ് ഓക്‌സിലറി പോളിംഗ് സ്റ്റേഷനുകളുടെ ശുപാര്‍ശയും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. തളിപ്പറമ്പ് (2), ധര്‍മടം (2), മട്ടന്നൂര്‍ (2), പയ്യന്നൂര്‍ (1) നിയോജക മണ്ഡലങ്ങളിലേക്കാണ് പുതുതായി ഓക്‌സിലറി പോളിംഗ് സ്റ്റേഷനുകള്‍ക്ക് ശുപാര്‍ശ നല്‍കിയത്. ജില്ലയിലെ മുഴുവന്‍ പോളിംഗ് സ്റ്റേഷനുകളിലും ലൈവ് വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തും. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ സ്‌ട്രോങ്ങ് റൂമിനും കൗണ്ടിങ്ങ് സെന്ററിനുമായി ചിന്‍മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി തെരഞ്ഞെടുത്തിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നതിന് എല്ലാ ക്രമീകരണങ്ങളും വരണാധികാരിയായ ജില്ലാ കളക്ടറുടെ ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്. വരണാധികാരിക്കു പുറമെ എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ക്കു മുമ്പാകെയും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. സാമൂഹ്യമാധ്യമങ്ങളിലടക്കമുള്ള വ്യാജ വാര്‍ത്തകള്‍ തടയുന്നതിനായി ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാജ വാര്‍ത്തകള്‍ സംബന്ധിച്ച പരാതികള്‍ grtknr.election@kerala.gov.in എന്ന ഇ- മെയില്‍ വിലാസത്തില്‍ പരാതിപ്പെടാനാകും. പൊലീസ്, സൈബര്‍ വിങിന്റെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കി കുറ്റക്കാര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം ശക്തമായ നടപടി സ്വീകരിക്കും.

85 വയസു കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പരമാവധി നേരിട്ടെത്തി തന്നെ വോട്ടവകാശം വിനിയോഗിക്കണമെന്നും വോട്ട് നഷ്ടപ്പെടുന്ന സാഹചര്യത്തില്‍മാത്രം പോസ്റ്റല്‍ വോട്ട് സൗകര്യം ഉപയോഗിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു. പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാണ് ഇത്തവണവയും തെരഞ്ഞെടുപ്പ് നടത്തുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഹരിത പെരുമാറ്റച്ചട്ടം പ്രകാരം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പാലിക്കണമെന്നും കളക്ടർ അഭ്യര്‍ഥിച്ചു.

തെരഞ്ഞെടുപ്പിന് ആവശ്യമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും അനുബന്ധ മെറ്റീരിയലുകളും ജില്ലാ ആസ്ഥാനത്തുള്ള ഇ.വി.എം വെയര്‍ഹൗസില്‍ സൂക്ഷിച്ചിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ പോളിംഗ് സ്റ്റേഷനുകളുടെ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്ന നടപടികള്‍ സ്വീകരിച്ച് വരികയാണ്. നിലവിലുള്ള സാഹചര്യങ്ങള്‍ അടിസ്ഥാനമാക്കി പോലീസുമായി കൂടിയാലോചിച്ച് ജില്ലയിലെ പ്രശ്‌നസാധ്യതാ ബൂത്തുകളുടെ എണ്ണമെടുക്കും. അനധികൃത മദ്യകടത്ത് തടയാനുള്ള എല്ലാവിധ ക്രമീകരണങ്ങളും പൂര്‍ത്തിയായി. അതിര്‍ത്തി സംസ്ഥാനങ്ങളിലെ ജില്ലാ കളക്ടറുമായി യോഗം ചേര്‍ന്ന് അതിര്‍ത്തി വഴിയുള്ള കള്ളക്കടത്തുകള്‍ തടയാന്‍ ആവശ്യമായ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.