പട്ടയ നടപടികൾ ത്വരിതപ്പെടുത്തുന്നതിന് റവന്യു മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു

post

കോട്ടയം ജില്ലയിലെ പട്ടയ നടപടികൾ ത്വരിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംഘടനാ പ്രതിനിധികളുടെയും യോഗം റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എരുമേലി വടക്ക്, തെക്ക്, കോരുത്തോട്, മുണ്ടക്കയം എന്നീ വില്ലേജുകളിലായി ഏഴായിരത്തിലധികം പട്ടയ അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കുന്നതിനായി മുണ്ടക്കയം കേന്ദ്രമാക്കി സ്‌പെഷ്യൽ തഹസിൽദാർ ഓഫീസ് ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

മലയോര പട്ടയവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം ഉയർത്തിയിരുന്ന തടസങ്ങൾ കേന്ദ്ര സർക്കാരുമായി ചർച്ചകൾ നടത്തി പരിഹരിച്ചു. പുതുതായി പട്ടയത്തിന് അപേക്ഷ നൽകാനുള്ള മുഴുവൻ ആളുകൾക്കും പട്ടയത്തിനുള്ള അപേക്ഷകൾ നൽകുന്നതിനുള്ള അവസരം നൽകുമെന്നും മന്ത്രി പറഞ്ഞു. റവന്യൂ വകുപ്പിന്റെ 3966/2023 ഉത്തരവ് പ്രകാരം മലയോര പട്ടയവുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങൾ പരിഹരിച്ച് പട്ടയലഭ്യതയ്ക്കുള്ള നിയമ സാധുത ഉറപ്പുവരുത്തിയിട്ടുള്ളതായും 1964 ലെ ഭൂപതിവ് ചട്ടങ്ങൾ പ്രകാരം ഉപാധിരഹിത പട്ടയമാണ് കൈവശക്കാർക്ക് ലഭിക്കുക. സംസ്ഥാനത്ത് ഇതിനോടകം ഒന്നരലക്ഷം പട്ടയങ്ങൾ വിതരണം ചെയ്തുകഴി ഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിച്ച യോഗത്തിൽ സർക്കാർ ചീഫ് വിപ്പ്. ഡോ. എൻ ജയരാജ്, മുൻമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, എ.ഡി.എം ബീന പി. ആനന്ദ്, കാഞ്ഞിരപ്പള്ളി തഹസിൽദാർ ജെ.ശ്രീകല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രേഖാ ദാസ് , ശ്രീജ ഷൈൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ശുഭേഷ് സുധാകരൻ , പി. ആർ അനുപമ, ജനപ്രതികൾ, റവന്യൂ ഉദ്യോഗസ്ഥർ, വിവിധ സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുത്തു.