റേഡിയോ കേരളയില്‍ തത്സമയ വാര്‍ത്താ പ്രക്ഷേപണം തുടങ്ങി

post

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഇന്റര്‍നെറ്റ് റേഡിയോ ആയ റേഡിയോ കേരളയില്‍ തത്സമയ വാര്‍ത്താ പ്രക്ഷേപണം തുടങ്ങി. രാവിലെ എട്ടു മണി മുതല്‍ ഓരോ മണിക്കൂറും ഇടവിട്ടാണ് വാര്‍ത്താ പ്രക്ഷേപണം ഉണ്ടാവുക. ആദ്യഘട്ടമായി എട്ടു മണിക്കൂര്‍ തത്സമയ വാര്‍ത്തകള്‍ കേള്‍ക്കാം.

കോവിഡ് ബാധയുടെ പ്രത്യേക സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന പത്രസമ്മേളനങ്ങളും തത്സമയം റേഡിയോ കേരള പ്രക്ഷേപണം ചെയ്തു വരുന്നു. രാത്രി എട്ടുമണിക്ക് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രത്യേക ബുള്ളറ്റിനും ഉണ്ടാവും.

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് കേരള സര്‍ക്കാരിന്റെ ആധികാരിക വിവരങ്ങള്‍ നേരിട്ടറിയാനുള്ള മാദ്ധ്യമാണ് പബ്‌ളിക് റിലേഷന്‍ വകുപ്പിനു കീഴിലുള്ള ഈ സംരംഭം. ഭാഷ, സംസ്‌ക്കാരം, സാഹിത്യം, നവോത്ഥാനം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി വ്യത്യസ്ത പരിപാടികള്‍ ഇപ്പോള്‍ റേഡിയോ കേരളയില്‍ പ്രക്ഷേപണം ചെയ്യുന്നു.  www.radio.kerala.gov.in എന്ന വിലാസത്തില്‍ ഓണ്‍ലൈനിലും 'റേഡിയോ കേരള' എന്ന മൊബൈല്‍ ആപ്പ് വഴിയും ശ്രോതാക്കള്‍ക്ക് ആസ്വദിക്കാം. ഗൂഗിള്‍ പ്‌ളേസ്റ്റോറിലും ഐഒഎസിലും ഇതു ലഭ്യമാണ്.