ഭിന്നശേഷി മേഖലയിലെ പ്രമുഖ വ്യക്തികളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം

post

ഭിന്നശേഷി സൗഹൃദ നവകേരളം പടുത്തുയർത്തുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം സാക്ഷാത്കരിക്കാൻ നിരവധി പദ്ധതികളാണ് പ്രാവർത്തികമാക്കുന്നത്. അതിന്റെ ഭാഗമായി, നവകേരളം നിർമിക്കുമ്പോൾ ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അത് പരിഹരിക്കാനും വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനും മുഖാമുഖം പരിപാടി അവസരമൊരുക്കുന്നു. ഭിന്നശേഷി മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനുമായി 26ന് തിരുവനന്തപുരം ആര്‍.ഡി.ആര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖാമുഖം പരിപാടിയിൽ സംവദിക്കുന്നു.

ഭിന്നശേഷിക്കാര്‍, ഭിന്നശേഷി മേഖലയില്‍ സംഭാവന ചെയ്യുന്ന വ്യക്തിത്വങ്ങള്‍, ഭിന്നശേഷിക്കാരായ കലാ-കായിക-സാംസ്‌കാരിക പഠന ഗവേഷണ മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവരാണ് മുഖാമുഖത്തില്‍ പങ്കെടുക്കുക. ഭിന്നശേഷി പെന്‍ഷന്‍ മേഖലകളുമായി ബന്ധപ്പെട്ട വിദഗ്ധരും മുഖാമുഖത്തില്‍ പങ്കാളികളാകും. മുഖാമുഖത്തില്‍ 2016 ലെ ആര്‍.പി.ഡബ്ല്യു.ഡി. ആക്ട് പ്രകാരമുള്ള 21 തരം ഭിന്നശേഷിക്കാരുടെ പ്രതിനിധികളും ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ളവരും പങ്കെടുക്കും. അക്കാദമിക്, പ്രൊഫഷണല്‍, കലാ-കായിക, സാംസ്‌കാരിക, വ്യാവസായിക, വാണിജ്യ, കാര്‍ഷിക, സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഭിന്നശേഷി പ്രതിഭകളെയും സംവാദ വേദിയില്‍ കാണാം.

ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുന്‍ നിരയിലേക്ക് കൊണ്ടുവരികയെന്നത് സാമൂഹ്യനീതി വകുപ്പിന്റെ സുപ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിനും നിയമപരിരക്ഷ ഉറപ്പാക്കുന്നതിനുമായി വിവിധങ്ങളായ ക്ഷേമ പദ്ധതികളും വികസന പരിപാടികളും വകുപ്പ് നടപ്പാക്കുന്നുണ്ട്.

ഭിന്നശേഷിക്കാര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കല്‍ പ്രധാനമാണ്. ഇതിനായി കാര്യമായ ഇടപെടല്‍ ഉണ്ടാവണം. ഇത് മുന്നില്‍ കണ്ടാണ് തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍ എന്ന സന്ദേശം ഉയര്‍ത്തി സഹജീവനം ഭിന്നശേഷി സഹായ കേന്ദ്രങ്ങള്‍ ആരംഭിച്ചത്. ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കുന്ന പദ്ധതി, ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി തുടങ്ങി സാമ്പത്തിക സഹായ പദ്ധതികളും ആരോഗ്യപരിപാലനത്തിനും വിദ്യാഭ്യാസം നേടുന്നതിനും ജോലി സമ്പാദിക്കുന്നതിനും വിവിധ പരിപാടികളാണ് സര്‍ക്കാര്‍ സംഘടിപ്പിച്ചിട്ടുള്ളത്.

ഭിന്നശേഷിക്കാരുടെ പുനരധിവാസം ഉറപ്പുവരുത്തുന്നതിന് സാമൂഹ്യനീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍, എംപ്ലോയ്‌മെന്റ് ഡയറക്ട്രേറ്റ്, പൊതുവിദ്യാഭ്യാസ ഡയറക്ട്രേറ്റ് എന്നിവരുടെ നേതൃത്വത്തില്‍ നിരവധി പദ്ധതികൾ ആണ് ആവിഷ്കരിച്ചിട്ടുള്ളത്.

ഏകദേശം 75,000 ഗുണഭോക്താക്കൾ ഉള്ള ആരോഗ്യ ഇൻഷുറൻസ് പരിപാടി നിരാമയ, ഭിന്നശേഷിക്കാർക്ക് പൊതുയിടങ്ങൾ പ്രാപ്യമാക്കുന്ന ബാരിയർ ഫ്രീ കേരള, ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കള്‍ക്ക് ഒന്നാം ക്ലാസ് മുതല്‍ പി.ജി/ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്നതിനായി വിദ്യാകിരണം പദ്ധതി, 40 ശതമാനത്തില്‍ കൂടുതല്‍ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോമും പഠനോപകരണങ്ങളും വാങ്ങുന്നതിനുള്ള ധനസഹായം നല്‍കുന്ന വിദ്യാജ്യോതി, സ്വയംതൊഴില്‍ ആരംഭിക്കുന്നതിന് സ്വാശ്രയ, സാഹചാരി ക്യാഷ് അവാർഡ്, പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് വിജയമൃതം അവാർഡ്, കലാകായിക പരിശീലന പദ്ധതി ശ്രേഷ്ഠം, സൗജന്യ ഓട്ടോ വിതരണ പദ്ധതി സ്നേഹയാനം, കാഴ്ച പരിമിതിയുള്ള ഭിന്നശേഷിക്കാർക്ക് സ്മാർട്ട്ഫോണും ലാപ്ടോപ്പും നൽകുന്ന കാഴ്ച, ആശ്വാസം, സഹായഹസ്തം, ശുഭയാത്ര, പ്രസവാനന്തരം കുഞ്ഞിനെ പരിചരിക്കുന്നതിന് മാതൃജ്യോതി, വിവാഹ സാമ്പത്തിക സഹായം നല്‍കാന്‍ പരിണയം, തുടങ്ങി നിരവധി കരുതല്‍ പദ്ധതികളുമായി വകുപ്പ് ഒപ്പമുണ്ട്.

കൂടുതല്‍ പുത്തന്‍ ആശയങ്ങളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാനും സര്‍ക്കാര്‍ നല്‍കുന്ന കരുതലില്‍ മുന്നോട്ടുപോകാനും മുഖാമുഖം വേദി പുതിയ വഴി തുറക്കും.