കലാ-സാംസ്‌കാരിക മേഖലയുടെ മുന്നേറ്റത്തിനായി മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി

post

കേരളത്തിലെ കലാ-സാംസ്‌കാരിക മുന്നേറ്റത്തിന് ആക്കം കൂട്ടുന്ന നിരവധി പദ്ധതികളും പ്രവർത്തനങ്ങളുമാണ് സർക്കാർ നടപ്പാക്കി വരുന്നത്. കലാ-സാംസ്‌കാരിക മേഖലയിൽ നടപ്പാക്കേണ്ട പുതിയ ആശയങ്ങളും ഇപ്പോൾ നേരിടുന്ന പ്രശ്ങ്ങളുമെല്ലാം ചർച്ച ചെയ്യാനായി 25ന് തൃശൂർ ലുലു കൺവെൻഷൻ സെന്ററിൽ കലാസാംസ്‌കാരിക മേഖലയിലെ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ സംവദിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ മേഖലയിലുള്ള വിഭാഗങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന നവകേരള കാഴ്ചപ്പാടുകൾ മുഖാമുഖം പരിപാടിയുടെ ഭാഗമായാണ് സാംസ്‌കാരിക മേഖലയിലെ പ്രതിനിധികളുമായി സംവദിക്കുന്നത്.

കലാമണ്ഡലം സർവകലാശാല, വിവിധയിനം ഗവേഷണ സ്ഥാപനങ്ങൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ, അക്കാദമികൾ, സ്മാരകങ്ങളും സംഘടനകളുമടക്കം നിരവധി സ്ഥാപനങ്ങൾ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. 14 ജില്ലകളിലായി നവോത്ഥാന നായകന്മാരുടെ പേരിൽ സാംസ്‌കാരിക സമുച്ചയം, ചെങ്ങന്നൂർ സ്വാതന്ത്ര്യ സ്മൃതി പാർക്ക്, സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് പൊതുയിടങ്ങൾ കണ്ടെത്താൻ നാട്ടരങ്ങ് പദ്ധതി, കലാകാരന്മാർക്ക് നൈപുണ്യം വികസിപ്പിച്ച് സുസ്ഥിര വരുമാനം ഉറപ്പാക്കാൻ സഹായിക്കുന്ന ഗ്രാമീണ കലാകേന്ദ്രം പദ്ധതി, അശരണരായ കലാകാരന്മാർക്ക് അഭയസ്ഥാനം ഒരുക്കാൻ അഭയഗ്രാമം പദ്ധതി തുടങ്ങി നിരവധി ക്ഷേമ പദ്ധതികൾ.

എ.ആർ രാജരാജവർമ്മ, ഗോവിന്ദ പൈ, കവി ഒളപ്പമണ്ണ, എം.ഡി രാമനാഥൻ, കടമ്മനിട്ട രാമകൃഷ്ണൻ, പി കേശവദേവ്, ഉമ്പായി, മടവൂർ വാസുദേവൻ നായർ, ഒ.വി വിജയൻ, സുകുമാർ അഴീക്കോട് അടക്കം പ്രശസ്തരായ കലാസാഹിത്യകാരന്മാരുടെ സ്മാരകങ്ങൾ. കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ,പഞ്ചവാദ്യം എന്നീ രംഗകലകൾ കോഴ്‌സുകളായി കലാമണ്ഡലത്തിൽ അഭ്യസിക്കാനുള്ള സൗകര്യം വകുപ്പ് ഒരുക്കിയിട്ടുണ്ട്. നിള എന്ന പേരിൽ അന്തർദേശീയ നൃത്ത സംഗീത വാദ്യോത്സവം സംഘടിപ്പിക്കുകയും നൃത്തക്കളരികൾ സ്ഥാപിക്കുകയും ചെയ്തു. കലാസാഹിത്യകാരന്മാർക്ക് ധനസഹായം, പെൻഷൻ, വിധവകൾക്കും ആശ്രിതർക്കും സാമ്പത്തിക ഭദ്രത, ചികിത്സാധന സഹായം തുടങ്ങിയവ സർക്കാർ നൽകുന്നു.

അന്താരാഷ്ട്ര നിലവാരത്തിൽ ചലച്ചിത്ര ഗവേഷണ കേന്ദ്രവും ഡിജിറ്റൽ ആർക്കൈവ്‌സും സ്ഥാപിച്ചു. ചലച്ചിത്ര ഫെല്ലോഷിപ്പും, ഗ്രാൻഡുകളും കൂടാതെ ചലച്ചിത്ര മേഖലകളിൽ സ്ത്രീ സാന്നിധ്യം വർധിപ്പിക്കാനായി വനിതകൾക്കുള്ള തൊഴിൽ പരിശീലന പദ്ധതി, ടൂറിങ് ടാക്കീസ് പദ്ധതി, കേരള ഫോക്‌ലോർ അക്കാദമിയുടെ വിവിധ പരിപാടികൾ, ലളിതകലാ അക്കാദമിയുടെ അന്തർദേശീയ-അന്താരാഷ്ട്ര പ്രവർത്തനങ്ങൾ, കലാവിദ്യാർത്ഥികൾക്കായി നിരവധി ദേശീയ ക്യാമ്പുകൾ, കാലിഗ്രാഫി ഫെസ്റ്റിവൽ തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്.

അന്ധവിദ്യാർത്ഥികൾക്കായി അകക്കണ്ണ്, സ്ത്രീ സമത്വത്തിനായി സമം പരിപാടിയും സാഹിത്യ അക്കാദമി നടത്തുന്നു. സംഗീത നാടക അക്കാദമി എല്ലാ വർഷവും നടത്തുന്ന ഇറ്റ്‌ഫോക്ക് നാടകോത്സവം വിദേശത്ത് പോലും പ്രശസ്തമാണ്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, കേരള സംസ്ഥാന സർവ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങൾ വിവിധ പരിപാടികൾ നടത്തുന്നു. കലാസാംസ്‌കാരിക പരിപാടികൾ അവതരിപ്പിക്കാനായി മാനവീയം വേദി എന്ന പേരിൽ തുറന്ന വേദിയൊരുക്കി, ഭാരത് ഭവന്റെ നേതൃത്വത്തിൽ സാംസ്‌കാരിക പഠനയാത്ര, ഗ്രാമോത്സവങ്ങൾ, ഇന്ത്യൻ ട്രൈബൽ ഫെസ്റ്റ്, വില്ലേജ് ഫെസ്റ്റ്, ഫോക്ക് ഫെസ്റ്റ്, മൺസൂൺ ഫെസ്റ്റ്, മലബാർ പൈതൃകോത്സവം തുടങ്ങി ഒട്ടനവധി സാംസ്‌കാരിക പരിപാടികൾ.

കേരള സ്റ്റേറ്റ് ബുക്ക് മാർക്ക് എന്ന പേരിൽ പബ്ലിക്കേഷൻ പ്രവർത്തിക്കുന്നു, പൈതൃക പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പഴയ രേഖകൾക്ക് ശാസ്ത്രീയ സംരക്ഷണം നൽകുന്നു. തുഞ്ചൻ സ്മാരക ട്രസ്റ്റും കഥകളി-കൂടിയാട്ട പുനരുജീവനത്തിനായി മാർഗ്ഗിയും പൂരക്കളി അക്കാദമിയും വാസ്തുവിദ്യ ഗുരുകുലവും സാംസ്‌കാരിക വകുപ്പിന് കീഴിൽ മികച്ച പരിപാടികൾ സംഘടിപ്പിച്ച് നടപ്പാക്കുന്നു. ഇന്ത്യയിലും 60 ഓളം വിദേശരാജ്യങ്ങളിലും മലയാള ഭാഷയും പൈതൃകവും വ്യാപിപ്പിക്കാൻ മലയാളം മിഷൻ പഠനകേന്ദ്രങ്ങളും ശിൽപശാലകളും സംഘടിപ്പിക്കുന്നു.

കലാസാംസ്‌കാരിക മേഖലയിൽ ഊർജ്ജം പകരുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോൾ പുതിയ ആശയങ്ങളും നിർദ്ദേശങ്ങളുമായി വകുപ്പിന് കരുത്തേകാൻ മുഖാമുഖം വേദി വഴിയൊരുക്കും.