ഓണം വാരാഘോഷത്തിന് പ്രൗഢഗംഭീര സമാപനം

post

ഒരാഴ്ചക്കാലം തലസ്ഥാന നഗരിയെ ഉത്സവപൂരിതമാക്കിയ വര്‍ണാഭമായ ഓണക്കാഴ്ചകള്‍ക്ക് കൊടിയിറങ്ങി. ഓണം വാരാഘോഷത്തിന്റെ സമാപന സമ്മേളനം വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഇത്തവണത്തെ ഓണം വാരാഘോഷം ജനകീയമാക്കിയത് മലയാളിയുടെ ഐക്യമാണെന്നും വാരാഘോഷത്തിന്റെ പ്രധാനവേദിയായ കനകക്കുന്ന് കേരളത്തിന്റെ മതസൗഹാര്‍ദത്തിന്റെ മുഖമാണെന്നും മന്ത്രി പറഞ്ഞു. കനകക്കുന്നില്‍ നൈറ്റ് ലൈഫ് ഉള്‍പ്പെടെയുള്ള വികസനത്തിന് ആറുകോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.

വി.കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ചലച്ചിത്ര താരങ്ങളായ ഷെയിന്‍ നിഗം, നീരജ് മാധവ്, ആന്റണി വര്‍ഗീസ് എന്നിവര്‍ വിശിഷ്ടാതിഥികളായി. എം.എല്‍.എമാരായ ഡി.കെ മുരളി, ഐ. ബി സതീഷ്, ജി. സ്റ്റീഫന്‍, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാജു, ടൂറിസം ഡയറക്ടര്‍ പി.ബി നൂഹ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.


ഓണം വാരാഘോഷത്തോടനുബന്ധിച്ച് വിവിധ വേദികളില്‍ കലാപരിപാടികള്‍ സംഘടിപ്പിച്ച മാധ്യമ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരവും വേദിയില്‍ വിതരണം ചെയ്തു. സമാപനസമ്മേളനത്തിന് ശേഷം നിശാഗന്ധിയില്‍ പിന്നണി ഗായകന്‍ ഹരിശങ്കര്‍ നയിച്ച മ്യൂസിക്കല്‍ നൈറ്റോടെ കലാപരിപാടികള്‍ക്കും തിരശീല വീണു. കനകക്കുന്ന് പ്രവേശനകവാടത്തില്‍ വനിതാ ശിങ്കാരിമേളവും സൂര്യകാന്തി ഗ്രൗണ്ടില്‍ അമ്മ ഓര്‍ക്കസ്ട്രയുടെ ഗാനമേളയും നിശാഗന്ധിയില്‍ പ്രിയ അക്കോട്ടിന്റെ ഭരതനാട്യവും അരങ്ങേറി. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജോബ് കുര്യന്‍ ബാന്‍ഡും പൂജപ്പുര ഗ്രൗണ്ടില്‍ രാഗവല്ലീസ് ബാന്‍ഡും അവതരിപ്പിച്ച സംഗീതപരിപാടിയും ശ്രദ്ധേയമായി.

ഇനി ഒരുവര്‍ഷത്തെ കാത്തിരിപ്പ്

ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന അത്യാധുനിക ലേസര്‍ ഷോയും പുതുമകള്‍ നിറഞ്ഞ വൈദ്യുത ദീപാലങ്കാരവും വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഒത്തുചേര്‍ന്നപ്പോള്‍ സംസ്ഥാനസര്‍ക്കാരിന്റെ ഓണം വാരാഘോഷം ഗംഭീരമായി. ഓണക്കാഴ്ചകള്‍ ആസ്വദിക്കാന്‍ ഓരോ ദിവസവും പതിനായിരങ്ങള്‍ നഗരത്തിലെത്തിയെങ്കിലും പരാതികള്‍ക്കിടനല്‍കാതെയുള്ള ക്രമീകരണങ്ങള്‍ നടത്തി സര്‍ക്കാര്‍ സംവിധാനങ്ങളും സജീവമായി. അടുത്ത ഓണക്കാലം വരെ മനസില്‍ സൂക്ഷിക്കാനുള്ള ഓര്‍മകള്‍ നല്‍കിയ ആഘോഷങ്ങളുടെ ചുക്കാന്‍ പിടിച്ച വിനോദസഞ്ചാര വകുപ്പിന് ഫുള്‍ മാര്‍ക്ക് നല്‍കിയാണ് ഓരോ മലയാളിയും വീടുകളിലേക്ക് മടങ്ങിയത്.

ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് കേരള പോലീസ് സുരക്ഷിതമായ ഓണക്കാലമൊരുക്കി. ഫയര്‍ ഫോഴ്സ്, എക്സൈസ്,തിരുവനന്തപുരം കോര്‍പറേഷന്‍,ശുചിത്വ മിഷന്‍,വാട്ടര്‍ അതോറിറ്റി,കെ.എസ്.ഇ.ബി,ആരോഗ്യ വകുപ്പ്,കെ.എസ്.ആര്‍.ടി.സി,കുടുംബശ്രീ, ടൂറിസം ക്ലബ്ബ് തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും അനന്തപുരിയെ ഓണാവധിയുടെ ആലസ്യമില്ലാതെ രാപ്പകല്‍ സജീവമായിരുന്നു. വാരാഘോഷത്തിന്റെ തുടിപ്പുകള്‍ ചൂടാറാതെ ജനങ്ങളിലേക്കെത്തിക്കാന്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കനകക്കുന്നില്‍ മീഡിയാ സെന്ററും ഒരുങ്ങിയിരുന്നു. ഓണക്കാഴ്ചകള്‍ നിറ ഭംഗികളോടെ പകര്‍ന്നു നല്‍കിയ മാധ്യമ കൂട്ടായ്മകളും കയ്യടി നേടി.


മണക്കാട് മുതല്‍ കവടിയാര്‍ വരെയും ശാസ്തമംഗലം മുതല്‍ വെള്ളയമ്പലം വരെയും നീണ്ട വൈദ്യുത ദീപാലങ്കാരവും ഇത്തവണ പുതുമകള്‍ നിറഞ്ഞതായിരുന്നു. ഓണക്കാഴ്ചകളിലെ സര്‍പ്രൈസായി വിനോദസഞ്ചാര വകുപ്പ് അവതരിപ്പിച്ച ലേസര്‍ ഷോ യുവതലമുറയുടെ പ്രിയപ്പെട്ട ഇടമായി മാറി. പൊള്ളുന്ന ചൂടിന് ശമനമായി മഴയെത്തിയെങ്കിലും ഓണക്കാഴ്ചകളുടെ പകിട്ട് മായാതെ നിന്നു. ഒരു ഓണക്കാലം കൂടി വിടപറയുമ്പോള്‍ ബാക്കിയാകുന്നത് മലയാളിയുടെ ഗൃഹാതുരതയ്ക്ക് ആക്കം കൂട്ടുന്ന ഒരുപിടി നല്ല ഓര്‍മകളും അടുത്ത ഓണക്കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പുമാണ്.