ഓണാഘോഷം കൊടിയിറങ്ങി; നഗരവീഥികളെ ആവേശത്തിലാക്കി സാംസ്‌കാരിക ഘോഷയാത്ര

post

അരിക്കൊമ്പനും ചന്ദ്രയാനും അടക്കമുള്ള വിഷയങ്ങള്‍ പ്രമേയമാക്കിയ അറുപതിലധികം ഫ്ളോട്ടുകളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാരും പാരമ്പര്യ കലകളും അണിചേര്‍ന്ന സാംസ്‌കാരിക ഘോഷയാത്രയോടെ ഇത്തവണത്തെ ഓണം വാരാഘോഷത്തിന് ഔദ്യോഗിക സമാപനം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാനവീയം വീഥിയില്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. മുഖ്യാതിഥിയായ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഗവര്‍ണര്‍ക്ക് പതാക കൈമാറി. വാദ്യകലാകാരന്‍ സുരേഷ് വാമനപുരത്തിന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വാദ്യോപകരണമായ കൊമ്പ് കൈമാറിയതോടെ വാദ്യഘോഷത്തിനും തുടക്കമായി.

ഘോഷയാത്ര കടന്നുപോയ വെള്ളയമ്പലം മുതല്‍ കിഴക്കേകോട്ട വരെയുള്ള പാതയുടെ ഇരുവശവും ഉച്ചയോടെ തന്നെ ആയിരങ്ങള്‍ ഇടം പിടിച്ചിരുന്നു. ഉച്ചവരെ നഗരത്തില്‍ മഴ പെയ്തെങ്കിലും സാംസ്‌കാരിക ഘോഷയാത്രയുടെ സമയമായപ്പോള്‍ മഴയ്ക്ക് അവധി കൊടുത്ത് പ്രകൃതിയും കാഴ്ചക്കാരില്‍ ഒരാളായി. എം.എല്‍.എമാരായ ഡി.കെ മുരളി, വി.കെ. പ്രശാന്ത്, വി. ജോയ്, ഐ.ബി സതീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, ഡെപ്യൂട്ടി മേയര്‍ പി. കെ രാജു, ചീഫ് സെക്രട്ടറി ഡോ. വി.വേണു, ടൂറിസം വകുപ്പ് ഡയറക്ടര്‍ പി.ബി നൂഹ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.


അറുപതിലധികം ഫ്‌ളോട്ടുകളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമടക്കമെത്തിയ കലാരൂപങ്ങളുമായി അനന്തപുരിക്ക് മറക്കാനാവാത്ത ഓര്‍മകള്‍ സമ്മാനിച്ചാണ് ഘോഷയാത്ര കടന്നുപോയത്. വിനോദസഞ്ചാര വകുപ്പിന്റെ ഫ്ളോട്ടായിരുന്നു ഘോഷയാത്രയുടെ മുന്നില്‍. തൊട്ടുപിന്നില്‍ കേരള പൊലീസിന്റെ ബാന്‍ഡ് സംഘവും പഞ്ചവാദ്യവും കേരള പൊലീസ് അശ്വാരൂഢസേനയും വൈവിധ്യമാര്‍ന്ന നാടന്‍ കലാരൂപങ്ങളും ഫ്‌ളോട്ടുകളും നിരത്തിലിറങ്ങിയതോടെ ജനങ്ങള്‍ ആവേശത്തിലായി.സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും വിളിച്ചോതുന്നതും മലയാളത്തനിമ ചോരാത്തതുമായ ഫ്ളോട്ടുകള്‍ വ്യത്യസ്തമായ അനുഭവമായി. സ്ത്രീ ശാക്തീകരണം, മാലിന്യനിര്‍മാര്‍ജനം, ഊര്‍ജ്ജസംരക്ഷണം, ചന്ദ്രയാന്‍ മൂന്നിന്റെ മാതൃക തുടങ്ങിയ വ്യത്യസ്തങ്ങളായ പ്രമേയങ്ങള്‍ അടിസ്ഥാനമാക്കി വിവിധ വകുപ്പുകളും ഏജന്‍സികളും ഒരുക്കിയ ഫ്ളോട്ടുകള്‍ ഒന്നിനൊന്ന് മെച്ചമായി. കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ക്ക് പുറമെ പതിനഞ്ചോളം ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് അകമ്പടിയായി.


തിരുവനന്തപുരം പബ്ലിക് ലൈബ്രറിക്കു സമീപം ഒരുക്കിയ പവലിയനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബ സമേതം ഘോഷയാത്ര കാണാനെത്തി. മന്ത്രിമാരായ ജി.ആര്‍.അനില്‍, ആന്റണി രാജു, പി.എ മുഹമ്മദ് റിയാസ്,സ്പീക്കര്‍ എ.എന്‍. ഷംസീര്‍, എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.ജോയ്, വി.കെ.പ്രശാന്ത്, ജി.സ്റ്റീഫന്‍, ഡി.കെ. മുരളി, ഐ.ബി. സതീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, ചീഫ് സെക്രട്ടറി ഡോ.വി.വേണു,സംസ്ഥാന പൊലീസ് മേധാവി ഡോ.ഷെയ്ക് ദര്‍വേഷ് സാഹെബ് തുടങ്ങിയവരും ഘോഷയാത്ര കാണാനെത്തിയിരുന്നു.

മത്സ്യബന്ധന, മ്യൂസിയം- മൃഗശാല വകുപ്പുകളുടെ ഫ്‌ളോട്ടുകള്‍ക്ക് പുരസ്കാരം

ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് നഗരത്തില്‍ നടന്ന സാംസ്‌ക്കാരിക ഘോഷയാത്രയില്‍ പങ്കെടുത്ത ഫ്‌ളോട്ടുകള്‍ക്കും കലാരൂപങ്ങള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപന വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഐ.എസ്.ആര്‍.ഒയ്ക്കും രണ്ടാം സ്ഥാനം തെരഞ്ഞെടുപ്പ് കമ്മിഷന്റെയും ഫ്‌ളോട്ടുകള്‍ക്ക് ലഭിച്ചു.

സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ വിഭാഗത്തില്‍ മത്സ്യബന്ധന വകുപ്പും മ്യൂസിയം-മൃഗശാല വകുപ്പും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.സര്‍ക്കാരിതര സ്ഥാപന വിഭാഗത്തില്‍ ഒന്നാം സ്ഥാനം കെ.ടി.ഡി.സിയുടെയും രണ്ടാം സ്ഥാനം കെ.എസ്.ഐ.ഡി.സിയുടെയും ഫ്ളോട്ടുകള്‍ സ്വന്തമാക്കി.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും തിരുവനന്തപുരം ജില്ലാ പഞ്ചായത്തുമൊരുക്കിയ ഫ്‌ളോട്ടുകള്‍ക്ക് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചു.സ്വകാര്യ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ പി.എം.എസ് കോളേജ് ഓഫ് ഡെന്റല്‍ സയന്‍സും കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ കേരള കാറ്ററേഴ്സും പുരസ്‌കാരം നേടി.ദൃശ്യകലാരൂപങ്ങളുടെ വിഭാഗത്തില്‍ പാവപ്പൊലിമയും (ഫ്ളോട്ട് നമ്പര്‍ 77)ദൃശ്യ ഇവന്റ്സും (ഫ്ളോട്ട് നമ്പര്‍ 76) യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.ബാബു ആശാന്‍ അവതരിപ്പിച്ച ചെണ്ടമേളത്തിനും യേശുദാസ് അവതരിപ്പിച്ച ചെണ്ടമേളത്തിനും ശ്രവ്യ കലാരൂപങ്ങളുടെ വിഭാഗത്തിലെ പുരസ്‌കാരവും ലഭിച്ചു. വിജയികള്‍ക്കുള്ള സമ്മാനം ഓണം വാരാഘോഷത്തിന്റെ സമാപന വേദിയില്‍ വിതരണം ചെയ്തു.