മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

post

കോട്ടയം ജില്ലയിലെ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. മാലിന്യസംസ്‌കരണം കാര്യക്ഷമമായി ചെയ്യാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുമെന്ന് മന്ത്രി അറിയിച്ചു. മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്ന വ്യക്തികളിൽനിന്നു മാത്രമല്ല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽനിന്നും പിഴ ഈടാക്കും. പദ്ധതി വിഹിതത്തിൽ കുറവു വരുത്തുന്ന തുക നല്ല നിലയിൽ മാലിന്യനിർമാർജനത്തിൽ ഏർപ്പെട്ടിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു കൈമാറുമെന്നും മന്ത്രി പറഞ്ഞു.

മാലിന്യമുക്ത ബോധവൽക്കരണ പ്രവർത്തനങ്ങൾ കൊണ്ടു കാര്യമായ മാറ്റമുണ്ടാക്കാനായില്ല. ഇനി കർശനമായ ശിക്ഷാ നടപടികളിലേക്കു കടക്കണം. സാധ്യമായിടത്തെല്ലാം സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്ന പരിപാടി ഒരു വർഷം കൊണ്ട് അവസാനിപ്പിക്കാനാകണമെന്നും മന്ത്രി പറഞ്ഞു.


മാടപ്പള്ളി ബ്ലോക്കിലെ ഭക്ഷ്യസംസ്‌ക്കരണ ഇൻക്യുബേഷൻ ഫെസിലിറ്റേഷൻ ആൻഡ് ട്രെയിനിംഗ് സെന്റർ, ജനകീയ ആസൂത്രണ രജത ജൂബിലി സ്മാരക കവാടം സമർപ്പണം, നവീകരിച്ച ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിട ഉദ്ഘാടനം, അങ്കണവാടികൾക്ക് സ്മാർട്ട് ടി.വി വിതരണം എന്നിവയുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് കവാടത്തിൽ സ്ഥാപിച്ച മഹാത്മാ ഗാന്ധി പ്രതിമയുടെ അനാച്ഛാദനം ജോബ് മൈക്കിൾ എം.എൽ.എ. നിർവഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തി.