അനധികൃത കുഴല്‍ക്കിണര്‍ നിര്‍മാണം: തദ്ദേശസ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം

post

തിരുവനന്തപുരം: അനധികൃത കുഴല്‍ക്കിണര്‍ നിര്‍മാണത്തിനെതിരെ തദ്ദേശസ്ഥാപനാധികാരികള്‍ ജാഗരൂകരാകണമെന്നും അത്തരം പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കണമെന്നും ഭൂജലവകുപ്പ് നിര്‍ദ്ദേശിച്ചു.

ഉപയോഗശൂന്യമായതും ഉപേക്ഷിക്കപ്പെട്ടതുമായ കുഴല്‍ക്കിണറുകള്‍ അതത് തദ്ദേശസ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മൂടി ഭൂജല വകുപ്പിന്റെ ജില്ലാ ഓഫീസുകളെ അറിയിക്കണം.

നിലവിലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നതിന് ഭൂജലവകുപ്പിന്റെ അംഗീകാരത്തോടെ തദ്ദേശസ്ഥാപനങ്ങളാണ് പെര്‍മിറ്റ് നല്‍കുന്നത്. നിയമപരമായി കുഴല്‍ക്കിണര്‍ നിര്‍മിക്കുമ്പോള്‍ ഉടമസ്ഥന്‍ 15 ദിവസം മുമ്പ് തദ്ദേശസ്ഥാപനത്തിലെ ബന്ധപ്പെട്ട അധികാരികളെ രേഖാമൂലം അറിയിക്കണം.

അനധികൃതമായും, അശാസ്ത്രീയമായും കുഴല്‍ക്കിണറുകള്‍ നിര്‍മിക്കുന്നത് തദ്ദേശസ്ഥാപനം തടയണം. നിര്‍മാണത്തിനിടെ ഉപേക്ഷിക്കപ്പെടുന്ന കുഴല്‍ക്കിണറുകള്‍ സംബന്ധിച്ച് കര്‍ശനനടപടി വേണം. ഉപയോഗശൂന്യമായതും ഉപേക്ഷിക്കപ്പെട്ടതുമായ സ്വകാര്യ/ പൊതു കുഴല്‍ക്കിണറുകള്‍ നിലവിലുണ്ടെങ്കില്‍ അവയുടെ സുരക്ഷിതത്വം ഉറപ്പാക്കണം.

കുഴല്‍ക്കിണര്‍ നിര്‍മാണവേളയില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് സുപ്രീംകോടതി ഉത്തരവ് പ്രകാരമുള്ള സുരക്ഷാരീതികളും, കുഴല്‍ക്കിണറില്‍ കുട്ടികള്‍ വീണുപോയാല്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ദേശീയ ദുരന്ത നിവാരണ പ്രതികരണസേന പുറപ്പെടുവിച്ച നിര്‍ദേശങ്ങളും പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഭൂജലവകുപ്പ് അറിയിച്ചു.

കുഴല്‍ക്കിണര്‍ നിര്‍മ്മാണവേളയില്‍ സ്വീകരിക്കേണ്ട സുരക്ഷാ നടപടികള്‍ ചുവടെ ചേര്‍ക്കുന്നു.

കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നതിന് 15 ദിവസം മുമ്പ് പ്രദേശത്തെ അധികാരികളെ രേഖാമൂലം അറിയിക്കണം. ജില്ലാ ഭരണകൂടം മുമ്പാകെ എല്ലാ ഡ്രില്ലിംഗ് ഏജന്‍സികളും (സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ തുടങ്ങിയവ) രജിസ്റ്റര്‍ ചെയ്യണം. ഡ്രില്ലിംഗ് ഏജന്‍സിയുടെ പേരും മേല്‍വിലാസവും, കിണറിന്റെ ഉപഭോക്തൃ ഏജന്‍സിയുടേയോ/ ഉടമയുടേയോ മുഴുവന്‍ പേരും മേല്‍വിലാസവും ഉള്‍പ്പെടെ വിശദാംശങ്ങളടങ്ങിയ ബോര്‍ഡ് കിണര്‍ നിര്‍മിക്കുന്നതിനായി സ്ഥാപിക്കണം.

കിണര്‍ നിര്‍മിക്കുന്നതിന് ചുറ്റുമായി മുള്ളുവേലിയോ, മറ്റേതെങ്കിലും വേര്‍തിരിവോ ചെയ്യണം. കിണറിന്റെ കേസിങ്ങിന് ചുറ്റുമായി സിമന്റ്/ കോണ്‍ക്രീറ്റ് നിര്‍മിത പ്ലാറ്റ്‌ഫോം നിര്‍മിക്കണം. വെല്‍ അസംബ്‌ളി അടയ്ക്കാന്‍ സ്റ്റീല്‍ അടപ്പ് വെല്‍ഡ് ചെയ്ത് പിടിപ്പിക്കുകയോ ബോള്‍ട്ടും നട്ടും ഉപയോഗിച്ച് കട്ടികൂടിയ അടപ്പ് പിടിപ്പിക്കുകയോ ചെയ്യണം.

പമ്പിന് അറ്റകുറ്റപ്പണി ചെയ്യുമ്പോള്‍ കിണര്‍ മൂടി സംരക്ഷിക്കണം. കിണര്‍ നിര്‍മാണം പൂര്‍ത്തിയായാലുടന്‍ മഡ്പിറ്റുകളും ചാനലുകളും മൂടി ചുറ്റുപാടുമുള്ള പ്രദേശം പൂര്‍വസ്ഥിതിയിലാക്കണം. ഉപേക്ഷിക്കപ്പെട്ട തുരപ്പന്‍ കിണറുകള്‍ ചെളി/ മണല്‍ബോര്‍ഡേഴ്‌സ്/ പെബിള്‍സ്/ കട്ടിംഗ് ഉപയോഗിച്ച് അടി മുതല്‍ തറമട്ടം വരെ നിറയ്ക്കണം.

ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നും തുരപ്പന്‍/ കുഴല്‍ക്കിണറുകളുടെ നിര്‍മാണസ്ഥിതി വിലയിരുത്താനുമുള്ള മോണിറ്റിംഗ് ചെക്ക് കേന്ദ്ര/ സംസ്ഥാന ഏജന്‍സികള്‍ നടത്തുന്നുണ്ടോ എന്നും വിലയിരുത്താനുള്ള അധികാരം ജില്ലാ കളക്ടര്‍ക്കാണ്.

ജില്ലാ/ ബ്ലോക്ക്/ പഞ്ചായത്ത് തലത്തില്‍ എത്ര തുരപ്പന്‍/ കുഴല്‍ക്കിണറുകള്‍ ഉപയോഗത്തിലുണ്ട്, എത്രയെണ്ണം മൂടാനുണ്ട്, എത്രയെണ്ണം മൂടിയിട്ടുണ്ട് എന്നുള്ള വിവരങ്ങള്‍ ലഭ്യമാക്കണം. ഗ്രാമീണമേഖലയില്‍ വില്ലേജ് ഓഫീസര്‍മാരും കൃഷി ഓഫീസര്‍മാരും ഇത് നിരീക്ഷിക്കണം. നഗരമേഖലയില്‍ ഇതിന്റെ ചുമതല ഭൂജല വകുപ്പിലേയോ പൊതുജനാരോഗ്യ/ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ജൂനിയര്‍ എഞ്ചിനീയറോ എക്‌സിക്യൂട്ടീവ് എഞ്ചിനീയറോ വഹിക്കണം.

കുഴല്‍ക്കിണര്‍ ഉപേക്ഷിക്കപ്പെടുകയാണെങ്കില്‍ അത് വൃത്തിയായി മൂടിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഭൂജല/ പൊതുആരോഗ്യ/ മുനിസിപ്പല്‍ കോര്‍പറേഷന്‍/ പഞ്ചായത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഇതുസംബന്ധിച്ച വിവരം ജില്ലാ കളക്ടറോ ബി.ഡി.ഒയോ സൂക്ഷിക്കണം.

കൊച്ചുകുട്ടികള്‍ കുഴല്‍ക്കിണറുകളില്‍ വീണുപോയാല്‍ സ്വീകരിക്കേണ്ട നടപടികള്‍ ചുവടെ ചേര്‍ക്കുന്നു.

കുട്ടികള്‍ തുറന്നുകിടക്കുന്ന ഏതെങ്കിലും കുഴല്‍ക്കിണറുകളില്‍ വീണാല്‍ മറ്റെന്തെങ്കിലും വീണ് രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടാത്ത രീതിയില്‍ ആ സ്ഥലം സുരക്ഷിതവലയത്തിലാക്കണം. കിണറിനുചുറ്റും ജനങ്ങള്‍ തടിച്ചുകൂടി രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ സുരക്ഷിതവേലി സ്ഥാപിക്കണം.

കയറിന്റെയോ ചരടിന്റെയോ സഹായത്തോടെ കിണറ്റില്‍ അകപ്പെട്ട കുട്ടിയെ വീണ്ടും താഴോട്ടുപോകാത്തവിധം സുരക്ഷിതമായി ഉറപ്പിച്ചുനിര്‍ത്തണം. പൈപ്പിന്റെ സഹായത്തോടെ കുഴല്‍ക്കിണറില്‍ ഓക്‌സിജന്‍ എത്തിക്കണം. രാത്രിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ വെളിച്ചത്തിനുള്ള സജ്ജീകരണങ്ങള്‍ നടത്തണം. ദേശീയ ദുരന്ത നിവാരണ സേനയെ അടിയന്തരമായി വിവരം അറിയിക്കണം. ദേശീയ ദുരന്ത നിവാരണ സേനയുടെ നിര്‍ദേശപ്രകാരം ദുരന്തം നടന്ന കുഴല്‍ക്കിണറിനു സമാന്തരമായി സുരക്ഷിത അകലത്തില്‍ മറ്റൊരു കിണര്‍ ആവശ്യമായ താഴ്ചയില്‍ കുഴിക്കണം.

കുഴല്‍കിണറില്‍ അകപ്പെട്ട കുട്ടിയോട് ബന്ധുക്കളും രക്ഷിതാക്കളും തുടര്‍ച്ചയായി സംസാരിച്ച് കുട്ടിയുടെ മനോബലം വര്‍ധിപ്പിക്കാന്‍ ശ്രമിക്കണം. കുട്ടിക്ക് കമ്പാര്‍ട്ട്‌മെന്റ് കമ്പ്രഷന്‍ സിന്‍ഡ്രോം ബാധിച്ചാല്‍ സ്വീകരിക്കേണ്ട നടപടികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസറില്‍നിന്ന് അറിവ് നേടിയിരിക്കണം.

അറ്റകുറ്റപണികള്‍ക്കോ ദിനംപ്രതിയുള്ള മറ്റേതെങ്കിലും പ്രവൃത്തികള്‍ക്കോ ശേഷം ട്യൂബ് വെല്‍/ കുഴല്‍ക്കിണര്‍ തുറന്നിടാന്‍ പാടില്ല. കുഴല്‍കിണറിലേക്ക് വെള്ളം ഒഴുക്കുകയോ ഭക്ഷണസാധനങ്ങള്‍ ഇട്ടുകൊടുക്കുകയോ ചെയ്യരുത്. അടിഭാഗത്തുനിന്ന് കുഴല്‍ക്കിണറിലേക്ക് വെള്ളം ഊര്‍ന്നിറങ്ങുന്നത് തടയണം.

ദുരന്തം ഉണ്ടായ കുഴല്‍കിണറിന് സമീപം വന്‍യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്. ശക്തിയേറിയ യന്ത്രങ്ങളുടെ പ്രവര്‍ത്തനഫലമായുണ്ടാകുന്ന പ്രകമ്പനം മൂലം മണ്ണ് ഇളകി കുഴല്‍ക്കിണര്‍ തകരാനിടയുണ്ട്.