ഏപ്രില്‍ ഫൂളിന്‍റെ പേരില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചാല്‍ അറസ്റ്റ്

post

തിരുവനന്തപുരം: ഏപ്രില്‍ ഫൂള്‍ ദിനവുമായി ബന്ധപ്പെട്ട് കൊറോണ വൈറസ്, ലോക്ക്ഡൗണ്‍ എന്നീ വിഷയങ്ങളെക്കുറിച്ച് വ്യാജ പോസ്റ്ററുകള്‍ നിര്‍മ്മിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ അറിയിച്ചു. ഇത്തരം സന്ദേശങ്ങള്‍ നിര്‍മ്മിക്കുന്നവരെയും ഫോര്‍വേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്തു നിയമ നടപടികള്‍ കൈക്കൊള്ളും. 

ഇത്തരം സന്ദേശങ്ങള്‍ തയ്യാറാക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താന്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ഡോം,  സൈബര്‍ പോലീസ് സ്റ്റേഷനുകള്‍,  വിവിധ ജില്ലകളിലെ സൈബര്‍ സെല്ലുകള്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്