തവനൂരിൽ അറിവിന്റെ ലോകം തുറന്ന് മിനി പ്ലാനിറ്റോറിയം

post

പ്രപഞ്ചത്തെ പറ്റി, നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കുറിച്ച് വിദ്യാർഥികൾക്ക് കണ്ടും കേട്ടും പഠിക്കാൻ അവസരമൊരുക്കിയിരിക്കുകയാണ് മലപ്പുറം ജില്ലയിലെ തവനൂർ ഗ്രാമപഞ്ചായത്ത്. ചുവരുകളിൽ തെളിയുന്ന ഗ്രഹങ്ങൾ, സീലിംഗിൽ തെളിയുന്ന നക്ഷത്രങ്ങളും ആകാശ കാഴ്ചകളും. അറിവിന്റെ വിസ്മയ കാഴ്ചകളും പുതിയൊരു ലോകവുമാണ് കുരുന്നുകൾക്കിവിടെ അനുഭവിച്ചറിയുക. പഞ്ചായത്തിന്റെ നൂതന പദ്ധതിയിൽ ഉൾപ്പെടുത്തി തനത് ഫണ്ടിൽനിന്ന് ഏഴ് ലക്ഷം രൂപ ചെലവിട്ട് കേളപ്പജി മെമ്മോറിയൽ ഗവ. യു.പി സ്കൂളിലാണ് പ്ലാനിറ്റോറിയം ഒരുക്കിയിട്ടുള്ളത്.

മലപ്പുറം ജില്ലയിലെ തന്നെ ആദ്യത്തെ മിനി പ്ലാനിറ്റോറിയമാണ് കെ.എം.ജി.യു.പി.എസിലേത്. വിവിധ വർക്കിങ് മോഡലുകൾ, സ്റ്റിൽ മോഡൽ, വീഡിയോ പ്രദർശനം, ഇന്ററാക്ടീവ് വൈറ്റ് ബോർഡ്, ആകാശ കാഴ്ചകൾ എന്നിവയിലൂടെ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും പ്രപഞ്ചത്തെക്കുറിച്ചും വിശദമായ പഠനമാണ് മിനി പ്ലാനിറ്റോറിയത്തിലൂടെ ലഭ്യമാകുക. ഇരുപത് അടി നീളവും വിതിയുമുളള രണ്ട് ക്ലാസ് മുറികളാണ് മിനി പ്ലാനിറ്റോറിയത്തിനായി ഉപയോഗിച്ചിരിക്കുന്നത്.


മത നിരപേക്ഷമൂല്യങ്ങൾ വിദ്യാർഥികളെ പഠിപ്പിക്കണം : സ്പീക്കർ എ.എൻ ഷംസീർ

തവനൂർ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ മഹോത്സവത്തിന്റെ സമാപന സമ്മേളനവും മിനി പ്ലാനിറ്റോറിയം ഉദ്‌ഘാടനവും സ്പീക്കർ എ.എൻ ഷംസീർ നിർവഹിച്ചു. അനേകം ജാതി, മത വൈവിധ്യങ്ങളുള്ള ഇന്ത്യയിൽ മത നിരപേക്ഷമൂല്യങ്ങൾ ഉയർത്തി പിടിക്കുന്നതിന് ഇത്തരം മൂല്യങ്ങൾ വിദ്യാർഥികളെ പഠിപ്പിക്കണമെന്ന് സ്പീക്കർ പറഞ്ഞു. ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കാൻ നമുക്ക് കഴിയണം. ശക്തനായ മതനിരപേക്ഷകന്‍ ആകുക എന്നതാണ് ആധുനിക കേരളത്തിനു വേണ്ടി നാം എടുക്കേണ്ട പ്രതിജ്ഞ. മനുഷ്യരെ സ്നേ​ഹിക്കുന്നവരാണ് നമ്മളെന്ന് പറയാൻ കഴിയണമെന്നും കുട്ടികളെ ചരിത്ര സത്യം പഠിപ്പിക്കണമെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.

ഡോ. കെ.ടി.ജലിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. മുൻ എം.പി സി. ഹരിദാസ്, പഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ, വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ്, ശ്രീചിത്രൻ,അടാട് വാസുദേവൻ, കെ.എം.ജി.വി.എച്ച്.എസ്. എസ് പ്രിൻസിപ്പൽ കെ.പി. വേണു, ജനറൽ കൺവീനർ എസ് ബിന്ദു തുടങ്ങി സാമൂഹിക സാംസ്കാരിക രാഷ്ടീയ രംഗത്തെ പ്രമുഖരും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.