ടെലിമെഡിസിന്‍: വിവരശേഖരണം ആരംഭിച്ചു

post

കാസര്‍കോട് : കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ടെലിമെഡിസിന്‍ സൗകര്യമടക്കം സജ്ജമാക്കുന്നതിനുള്ള ബൃഹത്തായ വിവര ശേഖരണത്തിന് സര്‍ക്കാര്‍ തുടക്കം കുറിച്ചു. രോഗബാധിതരേയും നിരീക്ഷണത്തിലുള്ളവരേയും ശുശ്രൂഷിക്കുന്നവര്‍, എല്ലാ വിഭാഗത്തിലും പെട്ട ആരോഗ്യപ്രവര്‍ത്തകര്‍, അടുത്തിടെ വിദേശത്തുനിന്നെത്തിയവര്‍, മറ്റ് സംസ്ഥാനങ്ങളില്‍ സഞ്ചരിച്ചെത്തിയവര്‍, രോഗസാധ്യതയുള്ളവര്‍ എന്നിവരുടെയെല്ലാം ബൃഹത് ഡാറ്റയാണ് അടിയന്തരമായി ശേഖരിക്കുന്നത്. ഇതിനായി സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍  (kerala.gov.in) രജിസ്‌ട്രേഷനുള്ള https://citizencenter.kerala.gov.in/ എന്ന ലിങ്ക് ഉപയോഗിക്കണം. കേരളത്തില്‍ കൊറോണ പരിചരണം ആവശ്യമായ മുഴുവന്‍ പേരും  രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണം. 

സ്റ്റിറോയിഡ് മരുന്ന് കഴിക്കുന്നവര്‍ ഉള്‍പ്പെടെ പ്രതിരോധ ശേഷി കുറഞ്ഞവരെയും കൊറോണ ബാധിതരുമായി സമ്പര്‍ക്കം ഉണ്ടായവരെയും കണ്ടെത്തി അടിയന്തര ഘട്ടങ്ങളില്‍ ചികിത്സ ലഭ്യമാക്കാനും ടെലിഫോണിലൂടെ ഡോക്ടര്‍മാരുമായി ബന്ധപ്പെടുത്താനും ഈ രജിസ്‌ട്രേഷന്‍ സഹായകമാകും. സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാരെ ഐഎംഎയുടെ കൂടി സഹകരണത്തോടെ തിങ്കളാഴ്ച മുതല്‍ ടെലിഫോണില്‍ ലഭ്യമാക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.