കൈറ്റ് വിക്ടേഴ്സില്‍ എഞ്ചിനീയറിംഗ് മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിംഗ് പ്രോഗ്രാം ആരംഭിച്ചു

post

തിരുവനന്തപുരം : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പ്രവേശന പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി കൈറ്റ് വിക്ടേഴ്സ് ചാനല്‍ പ്രത്യേക പരിശീലനം നല്‍കുന്നു. ഇതിനായി തയ്യാറാക്കിയിട്ടുള്ള എന്‍ട്രന്‍സ് കോച്ചിംഗ് പരിപാടി 'പീക്സ്' എല്ലാ ദിവസവും വൈകുന്നേരം 6.30 ന് ആണ് സംപ്രേഷണം ചെയ്യുന്നത്. പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെ പ്രൊഫഷണല്‍ പ്രവേശന പരീക്ഷക്ക് സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'പീക്സ്' പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ളത്. മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, എന്നീ വിഷയങ്ങളിലായി വിദഗ്ദ്ധരായ അദ്ധ്യാപകര്‍ നയിക്കുന്ന ഒരു മണിക്കൂര്‍ പരിശീലനമാണ് പീക്‌സിലൂടെ നല്‍കുക.

നിലവിലെ സാഹചര്യത്തില്‍ വീട്ടില്‍ ഇരുന്നു തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സിന് വേണ്ടി തയ്യാറാകാന്‍ സാധിക്കുമെന്നതാണ് ഈ പരിപാടിയുടെ ഗുണമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. വിക്ടേഴ്സിന്റെ യുട്യൂബ് ചാനലിലും   (youtube.com/itsvicters)  ഈ പരിപാടി ലഭ്യമാണ്.