സ്മാര്‍ട്ട് കൃഷിഭവന് നിര്‍മ്മാണ ഉദ്ഘാടനം നടത്തി

തൃശൂർ വടക്കാഞ്ചേരി സ്മാര്‍ട്ട് കൃഷിഭവന്റെ നിര്‍മ്മാണ ഉദ്ഘാടനം എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. 2 കോടി രൂപ വിനിയോഗിച്ചാണ് കൃഷി ഭവനെ സ്മാര്‍ട്ട് കൃഷി ഭവനാക്കി ഉയര്‍ത്തുന്നത്. കുമരനെല്ലൂരില്‍ പ്രവര്‍ത്തിച്ചിരുന്ന കൃഷി ഭവന്റെ പഴക്കം ചെന്ന കെട്ടിടം പൊളിച്ചു നീക്കിയാണ് ആധുനിക കെട്ടിടം നിര്‍മ്മിക്കുന്നത്.
കുമരനെല്ലൂരിലെ വടക്കാഞ്ചേരി കൃഷിഭവന് പരിമിതമായ സൗകര്യങ്ങളോടുകൂടിയാണ് പ്രവര്‍ത്തിക്കുന്നത്. വടക്കാഞ്ചേരിയുടെ കാര്‍ഷിക മേഖലയ്ക്കുള്ള പ്രാധാന്യം കൂടി കണക്കിലെടുത്താണ് ഒട്ടേറെ കര്‍ഷകര്‍ സമീപിക്കുന്ന വടക്കാഞ്ചേരി കൃഷി ഭവന്റെ പരിമിതികള്‍ പരിഹരിച്ച് വടക്കാഞ്ചേരി കൃഷി ഭവനെ സ്മാര്‍ട്ട് കൃഷി ഭവനാക്കി ഉയർത്തുന്നത്. ആധുനിക സൗകര്യങ്ങളോടെ സോളാര്‍ സംവിധാനങ്ങളും കോണ്‍ഫറന്‍സ് ഹാളുമെല്ലാം അടങ്ങിയ 3300 സ്ക്വയര്‍ ഫീറ്റ് ഗ്രീന്‍ ബില്ഡിങാണ് സ്മാര്‍ട്ട് കൃഷിഭവന് പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയില്‍ നിര്‍മ്മിക്കുക.
കൃഷിഭവനോടു ചേര്‍ന്ന് അഗ്രോ ക്ലിനിക്കും, ഉത്പന്നങ്ങളുടെ വിപണനത്തിനായി ഇക്കോ ഷോപ്പുകളും ഉണ്ടായിരിക്കും. കൃഷിഭവന്റെ പൂര്‍ണ്ണമായ ഡിജിറ്റലൈസേഷന് നടപ്പിലാക്കുന്നതിനായുള്ള സോഫ്റ്റ് വെയർ സ്ഥാപിക്കലും ഫര്‍ണിഷിങ് പ്രവൃത്തികളും സ്മാര്‍ട്ട് കൃഷി ഭവനാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കും. കേരള ലാന്‍ഡ് ഡെവലപ്മെന്റ് കോര്‍പറേഷനാണ് (കെ എല്‍ ഡി സി) നിര്‍വ്വഹണ ചുമതല.
കൃഷിഭവന് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വടക്കാഞ്ചേരി നഗരസഭ ചെയര്മാന് പി.എന്‍. സുരേന്ദ്രന് അധ്യക്ഷനായി. വടക്കാഞ്ചേരി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ഷീല മോഹനന്, നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എ.എം. ജമീലാബി, നഗരസഭ കൗണ്‍സിലര്‍ പി.എന്‍. വൈശാഖ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാരായ മുഹമ്മദ് ഹാരിസ്, മേരി വിജയ, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍.കെ. അജിത് മോഹന്‍, വടക്കാഞ്ചേരി കൃഷി ഓഫീസര്‍ എം.എന്‍. ദിപിന്, കെ എല്‍ ഡി സി ചീഫ് എഞ്ചിനീയര്‍ പി.കെ. ശാലിനി, വടക്കാഞ്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.ടി. ബേബി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എന്‍.കെ. പ്രമോദ്കുമാര്‍, എം.ആര്. സോമനാരായണന്‍, സെലക്റ്റ് മുഹമ്മദ്, എ.എല്‍ ജേക്കബ്ബ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അജിത് കുമാര്‍ മല്ലയ്യ തുടങ്ങിയവര്‍ പങ്കെടുത്തു.