നവകേരള സദസ് വേദിയിൽ 'മനസോടെ മണ്ണു' നൽകി പള്ളം ബ്ലോക്ക് പഞ്ചായത്തംഗം

മനസ്സോടിത്തിരി മണ്ണ് പദ്ധതിയുടെ ഭാഗമായി ലൈഫ് പദ്ധതിയിൽ വീട് വയ്ക്കാൻ സർക്കാരിന് സ്ഥലം വിട്ടു നൽകി പള്ളം ബ്ലോക്ക് പഞ്ചായത്തംഗം. ലൈഫ് പദ്ധതിക്കായി 20 സെന്റ് സ്ഥലം വിട്ടുനൽകിക്കൊണ്ടുള്ള സമ്മതപത്രം പള്ളം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അനിൽ ചാണ്ടി പുതുപ്പള്ളി നവകേരള സദസിന്റെ വേദിയിൽ മുഖ്യമന്ത്രിക്കു കൈമാറി. പുതുപ്പള്ളി ഗ്രാമ പഞ്ചായത്തിലെ 14-ാം വാർഡിൽ അനിൽ ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള 20 സെന്റ് സ്ഥലമാണ് സൗജന്യമായി നൽകിയത്. പുതുപ്പള്ളി ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെട്ട അഞ്ച് ഭൂരഹിത പട്ടികജാതി കുടുംബങ്ങൾക്ക് വീട് നിർമിക്കുന്നതിനായി ഭൂമി ഉപയോഗിക്കും.