തിരുവനന്തപുരത്ത് നവകേരള സദസ്സ് ഡിസംബര്‍ 20 മുതല്‍ 23 വരെ, ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

post

ആറ്റിങ്ങലിലും കാട്ടാക്കടയിലും തിരുവനന്തപുരത്തും പ്രഭാതയോഗങ്ങള്‍

നവകേരള സദസ്സിനായുള്ള വിപുലമായ തയ്യാറെടുപ്പിലാണ് തിരുവനന്തപുരം ജില്ല. ഡിസംബര്‍ 20ന് വര്‍ക്കലയില്‍ നിന്നാരംഭിക്കുന്ന ജില്ലയിലെ നവകേരള സദസ്സ് ഡിസംബര്‍ 23ന് വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം നിയോജക മണ്ഡലങ്ങളുടെ സംയുക്ത സദസ്സില്‍ സമാപിക്കും. വര്‍ക്കല ശിവഗിരിമഠം ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറിനാണ് ജില്ലയിലെ ആദ്യ നവകേരള സദസ്സ് നടക്കുക. ഡിസംബര്‍ 21ലെ നവകേരള സദസ്സിന് ആറ്റിങ്ങല്‍ പൂജ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പ്രഭാത യോഗത്തോടെ തുടക്കമാകും. രാവിലെ ഒന്‍പതിന് വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലെ വിവിധ മേഖലകളിലുള്ള വ്യക്തികളാണ് പ്രഭാതയോഗത്തില്‍ പങ്കെടുക്കുന്നത്.

രാവിലെ 11ന് ചിറയിന്‍കീഴ് ശാര്‍ക്കര ദേവീക്ഷേത്ര മൈതാനത്താണ് ചിറയിന്‍കീഴ് മണ്ഡലത്തിലെ നവകേരള സദസ് നടക്കുന്നത്. ഉച്ചതിരിഞ്ഞ് മൂന്നിന് ആറ്റിങ്ങല്‍ മാമം മൈതാനത്ത് ആറ്റിങ്ങല്‍ മണ്ഡലത്തിലെയും 4.30ന് വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രത്തിന് സമീപമുള്ള മൈതാനത്ത് വാമനപുരത്തെയും വൈകിട്ട് ആറിന് നെടുമങ്ങാട് നഗരസഭ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നെടുമങ്ങാട് മണ്ഡലത്തിലെയും ജനങ്ങളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും.

ഡിസംബര്‍ 22ന് കാട്ടാക്കട തൂങ്ങാംപാറ കാളിദാസ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രഭാതയോഗം നിശ്ചയിച്ചിരിക്കുന്നത്. കാട്ടാക്കട, അരുവിക്കര, നെയ്യാറ്റിന്‍കര, പാറശാല മണ്ഡലങ്ങളിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ ഇതില്‍ പങ്കെടുക്കും. രാവിലെ 11ന് ആര്യനാട് , പാലേക്കോണം വില്ലാ നസറേത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് അരുവിക്കര മണ്ഡലത്തിലെ നവകേരള സദസ്. മൂന്നിന് കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ കാട്ടാക്കട മണ്ഡലത്തിലെയും 04.30ന് നെയ്യാറ്റിന്‍കര ഡോ.ജി രാമചന്ദ്രന്‍ മെമ്മോറിയല്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നെയ്യാറ്റിന്‍കര മണ്ഡലത്തിലെയും വൈകിട്ട് ആറിന് കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളേജില്‍ പാറശാല മണ്ഡലത്തിലെയും നവകേരള സദസ്സുകള്‍ നടക്കും.

ഡിസംബര്‍ 23ന് ഇടപ്പഴഞ്ഞി ആര്‍.ഡി.ആര്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് നേമം, വട്ടിയൂര്‍ക്കാവ്, കോവളം, കഴക്കൂട്ടം, തിരുവനന്തപുരം മണ്ഡലങ്ങളിലെ പ്രഭാതയോഗം നടക്കുന്നത്. രാവിലെ 11ന് വിഴിഞ്ഞം ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് സമീപത്തെ ഗ്രൗണ്ടില്‍ കോവളം മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് പൂജപ്പുര ഗ്രൗണ്ടിലാണ് നേമം മണ്ഡലത്തിലെ നവകേരള സദസ്സ്. 04.30ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കഴക്കൂട്ടം മണ്ഡലത്തിലെയും വൈകിട്ട് ആറിന് നെട്ടയം സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജ് ഗ്രൗണ്ടില്‍ തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ നവകേരള സദസ്സും നടക്കും.

നവകേരള സദസ്സിന്റെ സുഗമമായ നടത്തിപ്പിന് എല്ലാ നിയമസഭാ മണ്ഡലങ്ങളിലും അതത് എം.എല്‍.എമാര്‍ ചെയര്‍മാന്‍മാരായി സംഘാടക സമിതി രൂപീകരിച്ച് വിപുലമായ ഒരുക്കങ്ങള്‍ നടത്തി വരികയാണ്. കോവളം മണ്ഡലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാറാണ് സംഘാടക സമിതി ചെയര്‍മാന്‍. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ രൂപീകരിച്ച സംഘാടക സമിതിക്ക് പുറമെ പഞ്ചായത്ത്, കോര്‍പറേഷന്‍, മുന്‍സിപ്പാലിറ്റി തലത്തിലും ബൂത്ത് തലത്തിലും സ്വാഗത സംഘങ്ങളും ഓരോ മണ്ഡലങ്ങളിലും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. ജനങ്ങളില്‍ നിന്നുള്ള നിവേദനങ്ങള്‍ സ്വീകരിക്കാനും നവകേരള സദസ്സിന്റെ പ്രചാരണത്തിനുമായി വീട്ടുമുറ്റ യോഗങ്ങളും പുരോഗമിക്കുകയാണ്.

പരാതി നല്‍കാന്‍ പ്രത്യേക കൗണ്ടറുകള്‍

സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യമുള്ള വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് നിവേദനങ്ങള്‍ നല്‍കുന്നതിന് നവകേരള സദസ്സിന്റെ വേദിക്ക് സമീപം കൗണ്ടറുകളുണ്ടാകും. ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍, വയോജനങ്ങള്‍ എന്നിവര്‍ക്കായി പ്രത്യേക കൗണ്ടറുകളും സ്ഥാപിക്കും. പരിപാടിക്കെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. എല്ലാ വേദികളിലും പോലീസ്, അഗ്നിസുരക്ഷാ സേന, ആംബുലന്‍സ് ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘം, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ തുടങ്ങിയവരുടെ സേവനവും ഉണ്ടാകും.