കോട്ടയം ജില്ലാ സ്പോർട്സ് സമ്മിറ്റിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ ഓൺലൈനായി നിർവഹിച്ചു

post

കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന ജില്ലാ സ്പോർട്സ് സമ്മിറ്റിന്റെ ഉദ്ഘാടനം സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഓൺലൈനായി നിർവഹിച്ചു. ജില്ലയിൽ കായികഭാവി ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് മഹാത്മാഗാന്ധി സർവകലാശാലയിൽ 57 കോടി രൂപ മുടക്കി സ്പോർട്സ് കോംപ്ലക്സ് നിർമിക്കുന്നത്. ഇൻഡോർ സ്റ്റേഡിയം, നിരവധി കോർട്ടുകൾ, സ്വിമ്മിംഗ് പൂളുകൾ, യോഗ സെന്ററുകൾ എന്നിവയടങ്ങിയതാണ് സ്പോർട്സ് കോംപ്ലക്സ്. ഭാവിയിൽ വിവിധയിനം കായികപരിശീലനങ്ങളുടെ കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മുഴുവൻ ജനങ്ങളെയും കായിക സാക്ഷരതയിലേക്ക് കൊണ്ടുവരുന്നതിനായി തിരുവനന്തപുരത്ത് ജനുവരിയിൽ നടത്തുന്ന രാജ്യാന്തര സമ്മിറ്റിന്റെ ഭാഗമായാണ് ജില്ലാ സമ്മിറ്റുകൾ നടത്തുന്നത്. സമ്മിറ്റുകൾ നഗരസഭയിലേക്കും ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കണം. കായികമേഖലയിലെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹാരം കാണുന്നതിന് കൂട്ടായ പരിശ്രമം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. കായികരംഗം സജീവമായ മേഖലകളിൽ മദ്യത്തിന്റെയും മറ്റു ലഹരിവസ്തുകളുടെയും ഉപയോഗം കുറവാണെന്നും ഓരോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും കായികമേഖലയിൽ ഒരു പദ്ധതി ഏറ്റെടുത്തു നടപ്പാക്കണമെന്നും ചടങ്ങിന് അധ്യക്ഷത വഹിച്ച് സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പറഞ്ഞു.

ചടങ്ങിൽ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നഗരസഭാംഗം ഷീജ അനിൽ, കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ചെയർമാൻ റെജി സഖറിയ, ദ്രോണാചാര്യ കെ.പി. തോമസ് മാഷ്, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, ജില്ലാ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി എൽ. മായാദേവി എന്നിവർ പങ്കെടുത്തു.