ഫോര്‍ട്ട്‌കൊച്ചിക്ക് ആവേശമായി വനിതകളുടെ വാക്കത്തോൺ

post

മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്ന നവ കേരള സദസ്സിനെ വരവേല്‍ക്കാന്‍ എറണാകുളം ഫോര്‍ട്ട്‌കൊച്ചിയില്‍ സംഘടിപ്പിച്ച വനിതാ വാക്കത്തോൺ കെ.ജെ മാക്‌സി എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. ഫോര്‍ട്ട്‌കൊച്ചി ആര്‍.ഡി.ഒ ഓഫീസിനു മുന്നില്‍ നിന്നും ആരംഭിച്ച വാക്കത്തോൺ വെളി ഗ്രൗണ്ടിലാണ് സമാപിച്ചത്. 'ഒരുമിച്ച് നടക്കാം' എന്ന സന്ദേശം ഉയര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.

ഡെപ്യൂട്ടി മേയര്‍ കെ.അന്‍സിയ, കൊച്ചിന്‍ കോര്‍പ്പറേഷന്‍ ക്ഷേമ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബാലാല്‍, കൊച്ചി തഹസില്‍ദാര്‍ സുനിത ജേക്കബ് തുടങ്ങിയവര്‍ വാക്കത്തോണിൽ പങ്കെടുത്തു. ഡിസംബര്‍ എട്ടിന് ഫോര്‍ട്ട്‌കൊച്ചി വെളി ഗ്രൗണ്ടിലാണ് നവകേരള സദസ്സ് നടക്കുന്നത്. സ്ത്രീകള്‍ക്ക് -7, ഭിന്നശേഷിക്കാര്‍ക്ക്- 2, മുതിര്‍ന്ന പൗരന്മാര്‍ക്ക് - 7, പൊതു വിഭാഗത്തിന് - 9 എന്നിങ്ങനെ 25 കൗണ്ടറുകളാണ് പൊതുജനങ്ങളുടെ നിവേദനങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കാന്‍ കൊച്ചിയില്‍ സജ്ജീകരിക്കുന്നത്. സദസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ പരിപാടികളാണ് മണ്ഡലത്തില്‍ സംഘടിപ്പിക്കുന്നത്.