സർക്കാർ ലക്ഷ്യമിടുന്നത് കാർഷികമേഖലയിലെ സ്വയംപര്യാപ്തത - മുഖ്യമന്ത്രി

post

കൃഷിഭവനുകളെ ‘സ്മാർട്ട് കൃഷി ഭവനുകളായി’ പരിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി

തൃശൂർ ജില്ലയിലെ നവകേരള സദസ്സ് രണ്ട് ദിവസം പിന്നിട്ടപ്പോൾ ചേലക്കര, വടക്കാഞ്ചേരി, കുന്ദംകുളം, ഗുരുവായൂർ മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നവകേരള സദസിന്റെ ഭാഗമായി തൃശ്ശൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശ്ശൂർ ജില്ലയിൽ നവംബർ നാലിന് ആകെ 17323 നിവേദനങ്ങൾ ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ചേലക്കര - 4525, വടക്കാഞ്ചേരി - 4102, കുന്ദംകുളം - 4228, ഗുരുവായൂർ -4468 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്.

പാലക്കാട്ട് നവകേരള സദസിൽ പ്രധാനമായും ചർച്ചയായത് നെൽകൃഷിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1990-കളിൽ നടപ്പാക്കിയ നവ ഉദാരവൽക്കരണ നയങ്ങൾ കൂടുതൽ തീവ്രതയോടെയാണ് കേന്ദ്ര സർക്കാർ നടപ്പാക്കി വരുന്നത്. അതിൻ്റെ ഭാഗമായി ഏറ്റവും കടുത്ത പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുള്ളത് രാജ്യത്തെ കാർഷിക മേഖലയ്ക്കാണ്. എന്നാൽ, ഒരു സംസ്ഥാനത്തിൻ്റെ പരിമിതികളെ അതിജീവിച്ച്, കർഷകർക്ക് അനുകൂലമായ നിരവധി നയങ്ങളും പദ്ധതികളുമാണ് കഴിഞ്ഞ ഏഴു വർഷമായി എൽഡിഎഫ് സർക്കാർ നടപ്പാക്കുന്നത്. അതിൻ്റെ ഫലമായി രാജ്യത്ത് മറ്റൊരിടത്തുമില്ലാത്ത വിധം കർഷകക്ഷേമം ഉറപ്പു വരുത്താൻ കേരളത്തിന് സാധിക്കുന്നുണ്ട്.

കാർഷികമേഖലയിലെ സ്വയംപര്യാപ്തത എന്ന ലക്ഷ്യം മുൻനിർത്തി നിരവധി ഇടപെടലുകളാണ് സർക്കാർ നടത്തിയത്. പതിനാറിനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിച്ചു. നെല്ലിന് ഉയർന്ന സംഭരണ വില നൽകി. കേരഗ്രാമം, സുഭിക്ഷ കേരളം, വിള ഇൻഷുറൻസ് തുടങ്ങിയ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പാക്കാനായി. അങ്ങനെ കാർഷിക വിളകളുടെ ഉത്പാദനം, വിപണനം, കർഷകരുടെ ക്ഷേമം തുടങ്ങി വിവിധ മേഖലകളിൽ നല്ല മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചു. കൃഷിയുടെ എല്ലാ മേഖലകളിലും കർഷകർക്ക് സഹായം വേണ്ടതുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരമാവധി സേവനം ഏറ്റവും വേഗത്തിൽ ലഭ്യമാക്കുന്നതിനായി കൃഷി ഭവനുകളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തും. അതിനായി അടിസ്ഥാന സൗകര്യങ്ങളടക്കം വിപുലീകരിച്ച് കൃഷിഭവനുകളെ ‘സ്മാർട്ട് കൃഷി ഭവനുകളായി’ പരിഷ്കരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നെൽകൃഷിയുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി 2021 - 22 സാമ്പത്തിക വർഷത്തിൽ 83,333.33 ഹെക്ടർ പാടശേഖരങ്ങൾക്ക് നെൽവിത്ത്, വളം, ജൈവ കീടരോഗ നിയന്ത്രണം എന്നിവയ്ക്ക് ധനസഹായം നല്കി. 107.10 കോടി രൂപ നെൽകൃഷി വികസന പദ്ധതികൾക്കായി ചെലവഴിച്ചു. 2022 - 23 വർഷത്തിൽ 93509.94 ഹെക്ടർ പാടശേഖരങ്ങൾക്ക് ഇതേ ധനസഹായം നല്കി. 49കോടിയോളം രൂപ നെൽകൃഷി വികസന പദ്ധതികൾക്കായി ചെലവഴിച്ചിട്ടുണ്ട്. നെൽവയലുകൾ തരം മാറ്റുന്നത് നിരുത്സാഹപ്പെടുത്തുന്നതിനായി ഹെക്ടറിന് 2000 രൂപ എന്നത് 3000 ആയി റോയൽറ്റി വർദ്ധിപ്പിച്ചു. തരിശു നിലങ്ങളെ കൃഷി യോഗ്യമാക്കുന്നതിന് ഹെക്ടർ ഒന്നിന് 40,000 രൂപ നിരക്കിൽ 31 കോടി രൂപ ചെലവഴിച്ചു.

മണ്ണിനെയും പരിസ്ഥിതിയേയും സംരക്ഷിച്ചുകൊണ്ട് സുരക്ഷിത ഭക്ഷ്യോത്പാദനത്തിനായി ശാസ്ത്രീയ ജൈവ കൃഷിയും ജൈവ ഉല്പാദനോപാധികളുടെ ലഭ്യത വർധിപ്പിക്കലും ഉദ്ദേശിച്ച് ആസൂത്രണം ചെയ്ത മിഷൻ മോഡിലുളള പദ്ധതിയാണ് ജൈവ കാർഷിക മിഷൻ. പദ്ധതി ഈ സാമ്പത്തിക വർഷത്തിൽ 10,000 ഹെക്ടർ സ്ഥലത്ത് നടപ്പിലാക്കും. 30,000 കൃഷിക്കൂട്ടങ്ങളെ സജ്ജമാക്കി മൂന്ന് ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടക്കുകയാണ്. കേരളത്തിന്റെ കാർഷിക മേഖലയെ പുതിയ കാലത്തിനും സാധ്യതയ്ക്കും യോജിച്ച രീതിയിൽ ഉയർത്തിയെടുക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്.

2016 ല്‍ 1.7 ലക്ഷം ഹെക്ടറിലാണ് നെല്‍കൃഷി നടന്നിരുന്നതെങ്കില്‍ ഇന്നത് രണ്ടര ലക്ഷം ഹെക്ടറിലേക്ക് വര്‍ദ്ധിച്ചിരിക്കുന്നു. കഴിഞ്ഞ ഏഴു വര്‍ഷം കൊണ്ട് നെല്ലിന്‍റെ ഉത്പാദന ക്ഷമത ഹെക്ടറിന് 2.54 ടണ്ണില്‍ നിന്ന് 4.56 ടണ്‍ ആയി വര്‍ദ്ധിപ്പിച്ചു. നെല്‍ക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നെല്‍വയല്‍ ഉടമകള്‍ക്ക് ഓരോ ഹെക്ടറിനും 3,000 രൂപാവീതം നൽകുന്ന റോയല്‍റ്റി 14,498 ഹെക്ടര്‍ വയലുകള്‍ക്കാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലഭ്യമാക്കിയത്. 2022-23 സംഭരണ വർഷത്തിൽ 3,06,533 കർഷകരിൽ നിന്നായി 731183 മെടിക് ടൺ നെല്ല് സംഭരിക്കുകയും വിലയായി 2061.9 കോടി രൂപ വിതരണം ചെയ്യുകയും ചെയ്തു. 1,75,610 നെല്‍കര്‍ഷകര്‍ക്കാണ് ഇത് പ്രയോജനപ്പെട്ടത്.

നെല്ലിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന താങ്ങുവില 20 രൂപ 40 പൈസ ആണ്. എന്നാല്‍ കേരളം 28 രൂപ 20 പൈസയ്ക്കാണ് നെല്ല് സംഭരിക്കുന്നത്. അധിക തുകയായ 7 രൂപ 80 പൈസ, കേരളം സ്വന്തം നിലയ്ക്കാണ് നല്‍കുന്നത്. കേന്ദ്രത്തില്‍ നിന്നുള്ള തുകയ്ക്ക് കാത്തുനില്‍ക്കാതെ തന്നെ കര്‍ഷകന്‍റെ അക്കൗണ്ടില്‍ മുഴുവന്‍ തുകയും ലഭ്യമാക്കുകയാണ് കേരളം ചെയ്യുന്നത്. അതിനായി ബാങ്കുകള്‍ വഴി പി ആര്‍ എസ്സിലൂടെ അഡ്വാന്‍സായി നല്‍കുന്ന തുകയുടെ പലിശ വഹിക്കുന്നതും സംസ്ഥാനമാണ്. നെല്ല് സംഭരണത്തിന്‍റെ കേന്ദ്രവിഹിതമായ 790 കോടി രൂപ ഇനിയും സംസ്ഥാനത്തിന് ലഭിക്കാനുണ്ട്. ഇതിനുപുറമെ നെല്ല് അരിയാക്കുന്നതിന് ചിലവാകുന്ന തുകയും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്.

കൃഷിയെ കൈയ്യൊഴിയുകയും നെല്‍പ്പാടങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് കൈമാറുകയും ചെയ്തകാലം മാറി. അത് മനസ്സിലാക്കിയ കർഷകർ ഈ സർക്കാരിന് അടിയുറച്ച പിന്തുണ നൽകുകയാണെന്നും നവകേരള സദസ്സിൽ കാർഷിക മേഖലകളിൽ ഉണ്ടാകുന്ന വമ്പിച്ച പങ്കാളിത്തം ആ പിന്തുണയുടെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.