പെരിന്തൽമണ്ണ പി.ടി.എം ഗവ. കോളജിലെ അക്കാദമിക് ബ്ലോക്ക് മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്തു

post

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ പൂക്കോയ തങ്ങൾ മെമ്മോറിയൽ (പി.ടി.എം) ഗവ. കോളജിലെ അക്കാദമിക് ബ്ലോക്ക്, കാന്റീൻ കെട്ടിടങ്ങളുടെ ഉദ്ഘാടനവും പുതുതായി ലഭിച്ച നാക്ക് ഗ്രേഡ് പ്രഖ്യാപനവും ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉയർച്ചക്ക് വേണ്ടി നിരവധി പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസരംഗം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ കോളേജുകളിലെ പഠന രീതി ഗുണപരമായ മാറ്റങ്ങളോടെയാകും നടപ്പാക്കുക. വിദ്യാർഥികളുടെ സർഗവാസനകളെ കൂടുതൽ മെച്ചപ്പെടുത്തും വിധം വിദ്യാർഥി കേന്ദ്രീകൃത വിദ്യഭ്യാസ നയമാണ് സ്വീകരിക്കുക. സാങ്കേതിക വിദ്യയുടെ വളർച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രയോജനപ്പെടുത്തണമെന്നും കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ലോകോത്തര നിലവാരം ഉറപ്പു വരുത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കിഫ്ബി പദ്ധതിയിൽ 7.88 കോടി രൂപ ചെലവഴിച്ചാണ് മൂന്ന് നിലകളുള്ള പുതിയ അക്കാദമി ബ്ലോക്ക്, കാൻറീൻ കെട്ടിടം എന്നിവ നിർമിച്ചത്. നാക്ക് സന്ദർശനത്തിന് മുന്നോടിയായി പുതിയ ഐ.ക്യു.എ.സി റൂം, ഫിസിക്‌സ്, കെമിസ്ട്രി, കമ്പ്യൂട്ടർ ലാബുകൾ, ലൈബ്രറി, റിസർച് ഡിപ്പാർട്ട്‌മെന്റുകൾക്കുള്ള റിസർച് റൂം, പുതിയ പരീക്ഷ റൂം എന്നിവയുടെ നിർമാണത്തിനായി ഒന്നരക്കോടിയോളം രൂപ വേറെയും അനുവദിച്ചിട്ടുണ്ട്. 2015ൽ നാക് ഒന്നാംഘട്ട പരിശോധനയിൽ ലഭിച്ച ബി ഗ്രേഡ് എട്ട് വർഷത്തെ ഒരുക്കങ്ങൾക്ക് ശേഷം ഏപ്രിലിൽ നടന്ന രണ്ടാംഘട്ട പരിശോധനയിൽ 3.11 പോയൻറ് നേടി എ ഗ്രേഡായി.

നജീബ് കാന്തപുരം എം.എൽ.എ അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ പി ഷാജി, വാർഡ് കൗൺസിലർ പച്ചീരി ഫാറൂഖ്, പി.ടി.എ വൈസ് പ്രസിഡന്റ് സന്തോഷ് കുമാർ, കോളേജ് പ്രിൻസിപ്പൽ ഡോ. കെ ഹംസ, വൈസ് പ്രിൻസപ്പൽ ഡോ. അഫ്‌സൽ ജമാൽ, അലുംനി അസോസിയേഷൻ പ്രസിഡന്റ് ആബ്ദുൽ കരീം, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇ രാജേഷ്, വി ബാബുരാജ്, എ.കെ നാസർ, എ ശിവദാസൻ, വിദ്യാർഥി യൂണിയൻ പ്രതിനിധി സി.ടി വിഷ്ണു, സംഘാടക സമിതി ജനറൽ കൺവീനർ പി സുശാന്ത് എന്നിവർ പങ്കെടുത്തു.