ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

post

തൃശ്ശൂർ: ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. വെളളിയാഴ്ച ലഭിച്ച 68 പരിശോധനാ ഫലങ്ങളിൽ ഒരെണ്ണം ഒഴികെ 67 എണ്ണവും നെഗറ്റീവാണ്. ഇതോടെ ജില്ലയിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 6 ആയി. ഇതിൽ രണ്ടു പേർ നേരെത്ത രോഗം ഭേദമായി ആശുപത്രി വിട്ടു. 4 പേരാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളത്. 

26 സാമ്പിളുകൾ വെളളിയാഴ്ച പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 552 എണ്ണത്തിന്റെ ഫലം വന്നിട്ടുണ്ട്. 26 പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കാനുണ്ട്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 13,455 ആയി. വീടുകളിൽ 13,408 പേരും ആശുപത്രികളിൽ 47 പേരുമാണ് നിരീക്ഷണത്തിലുളളത്. വെളളിയാഴ്ച 6 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9 പേരെ വിടുതൽ ചെയ്തു. 57 പേർ വീടുകളിലെ ക്വാറന്റൈൻ പൂർത്തിയാക്കി.

  • ജില്ലയിൽ കൂടുതൽ ഹോട്ടൽ സമുച്ചയങ്ങൾ കെയർ സെന്ററുകളാക്കും

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ ഭരണകൂടത്തിന് കൂടുതൽ സഹായങ്ങൾ ഒരുക്കാൻ തയ്യാറായി ജില്ലയിലെ ഹോട്ടൽ ഉടമകളുടെ സംഘടന. ജില്ലയിലെ നൂറോളം വരുന്ന ഹോട്ടൽ സമുച്ചയങ്ങളാണ് കെയർ സെന്ററുകൾ ഒരുക്കുന്നതിനും ആളുകളെ താമസിക്കുന്നതിനുമായി സജ്ജീകരിക്കുക. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയിൽ ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ ചേമ്പറിൽ നടന്ന ഹോട്ടൽ ഉടമകളുടെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.