ഇരിങ്ങാലക്കുടയിൽ അസാപ് കേരളയുടെ മെഗാ തൊഴിൽ മേള ഒക്ടോബർ 27 ന്

post

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 27 ന് "ആസ്പയർ 2023" മെഗാ തൊഴിൽ മേള തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ വെച്ച് സംഘടിപ്പിക്കും. പറഞ്ഞു. പരിപാടിയിൽ മൾട്ടി നാഷണൽ കമ്പനികൾ ഉൾപ്പെടെ 15 ഓളം റിക്രൂട്ടിങ്ങ് കമ്പനികൾ പങ്കെടുക്കും. ആയിരത്തോളം ഉദ്യോഗാർഥികളെ മേളയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ക്രൈസ്റ്റ് കോളേജിൽ സംഘടിപ്പിച്ച സംഘാടക സമിതി യോഗത്തിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പങ്കെടുത്തു.

തൊഴിൽ മേളയുടെ വിജയത്തിനായി രൂപീകരിച്ച സംഘാടക സമിതിയിൽ മന്ത്രി ആർ ബിന്ദു ചെയർപേഴ്‌സണും അസാപ് കേരള പ്ലെയിസ്മെന്റ് വിഭാഗം മേധാവി ഐ പി ലൈജു കൺവീനറും ആയി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ഇരിങ്ങാലക്കുട, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ, ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ തുടങ്ങിയവർ വൈസ് ചെയർമാൻമാരായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ ജോയിൻ കൺവീനർമാരായും നിയമിതരായി.