ഡെങ്കിപ്പനി വ്യാപനം; ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ

കോഴിക്കോട് ജില്ലയില്‍ ഡെങ്കിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.കെ രാജാറാം അറിയിച്ചു. ഡെങ്കിപ്പനി പരത്തുന്ന, പകല്‍ സമയത്ത് കടിക്കുന്ന കൊതുകുകൾ വീടിനുള്ളിലും പരിസരത്തും വെള്ളം കെട്ടിനിൽക്കുന്നിടത്ത് പെരുകുന്നില്ല എന്ന് ഉറപ്പാക്കണം. ടെറസ്, പാത്തി, ഓവര്‍ഹെഡ് ടാങ്ക്, ഫ്രിഡ്ജിന്റെ ബാക്ക് ട്രേ, ഫ്ലവര്‍ വേസ്, അലങ്കാരച്ചെടി, ചെടിച്ചട്ടികള്‍, ഉപയോഗിക്കാത്ത ക്ലോസറ്റ്, സണ്‍ ഷെയ്ഡ്, ഇതുകൂടാതെ പരിസരങ്ങളില്‍ അലക്ഷ്യമായി വലിച്ചെറിയുന്ന മുട്ട തോടുകള്‍, ചിരട്ടകള്‍, ടയറുകള്‍, പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് ബിന്നുകള്‍, ആഴം കുറഞ്ഞ കിണറുകള്‍, മരപ്പൊത്തുകള്‍, പാറയിടുക്കുകള്‍, വെള്ളം പിടിച്ചുവയ്ക്കുന്ന പാത്രങ്ങള്‍, ഇവയിലൊക്കെ വെള്ളം കെട്ടിനിന്ന് കൊതുക് വളരുന്നില്ലെന്ന് ഉറപ്പാക്കണം.
ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കുകയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വേണം. മാലിന്യങ്ങള്‍ തരം തിരിച്ചു സംസ്കരിക്കണം. പാഴ് ചെടികള്‍ വെട്ടി നശിപ്പിക്കുകയും പാള, ഓല തുടങ്ങിയവ നീക്കം ചെയ്യുകയും വേണം. ടാപ്പിങ്ങിനു ശേഷം റബ്ബര്‍ തോട്ടത്തിലെ ചിരട്ടകള്‍ കമിഴ്ത്തി വെക്കാനും ശ്രദ്ധിക്കണം.
പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, ശരീരവേദന, തലവേദന, ഛര്‍ദ്ദി, ശരീരത്തില്‍ ചുവന്ന തടിപ്പുകള്‍ തുടങ്ങിയവ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സയ്ക്ക് മുതിരാതിരിക്കുകായും വിദഗ്ധ ചികിത്സയ്ക്ക് വിധേയമാകുകയും ചെയ്യണം.