സാനിറ്റൈസറിന് പിന്നാലെ മാസ്‌കുകളും നിര്‍മിച്ച് ജനറല്‍ ആശുപത്രി

post

കോട്ടയം : കൊറോണ പ്രതിരോധത്തിനുള്ള സാനിറ്റൈസറിനൊപ്പം മാസ്‌കുകളുടെ നിര്‍മാണവും കോട്ടയം ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ചു. രണ്ടു ഘട്ടങ്ങളിലായി 120 ലിറ്റര്‍ സാനിറ്റൈസറാണ് ഇവിടെ നിര്‍മിച്ചത്. ആദ്യ ഘട്ടത്തില്‍  കളക്ടറേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളിലും രണ്ടാം ഘട്ടത്തില്‍ കോട്ടയത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും സാനിറ്റൈസര്‍ സൗജന്യമായി വിതരണം ചെയ്തു. നിര്‍മാണത്തിന് ആവശ്യമായ ഈഥൈല്‍ ആല്‍ക്കഹോള്‍ എക്‌സൈസ് വകുപ്പാണ് ലഭ്യമാക്കിയത്.

ആശുപത്രിക്ക് ആവശ്യമായ മാസ്‌കുകളുടെ നിര്‍മാണവും ഇവിടെ ആരംഭിച്ചു.  ആദ്യ ഘട്ടത്തില്‍ ഇരുപതിനായിരം ത്രീ ലെയര്‍ മാസ്‌കുകളാണ് നിര്‍മിക്കുന്നത്. ആര്‍.എം.ഒ ഡോ. ഭാഗ്യശ്രീയുടെ നേതൃത്വത്തില്‍ ഫാര്‍മസിസ്റ്റ് അജി ജോര്‍ജ്, നഴ്‌സിംഗ് അസിസ്റ്റന്റുമാരായ ബിജുമോന്‍, സി. രതി, ഡ്രൈവര്‍ വിജയകുമാര്‍ എന്നിവരാണ് സാനിറ്റൈസറുകളും മാസ്‌കുകളും തയ്യാറാക്കുന്നത്.