റേഷൻ വിഹിതം കൈപ്പറ്റാത്ത മുൻഗണനാ കാർഡുകാരെ കണ്ടെത്തും: മന്ത്രി ജി.ആർ അനിൽ
സംസ്ഥാനത്തെ എ.എ.വൈ റേഷൻകാർഡ് ഉടമകളിൽ 11,590 പേർ കഴിഞ്ഞ ആറു മാസമായി റേഷൻ വിഹിതം കൈപ്പറ്റിയിട്ടില്ല. ഇതിൽ ഒരംഗം മാത്രമുള്ള 7790 എ.എ.വൈ കാർഡുകൾ ഉണ്ടെന്നും അവർ ആരും തന്നെ കഴിഞ്ഞ നാലു മാസക്കാലമായി റേഷൻ വിഹിതം കൈപ്പറ്റുന്നില്ലായെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഇത്തരത്തിൽ റേഷൻ കൈപ്പറ്റാത്ത മുൻഗണനാ കാർഡ് ഉടമകളുടെ വീടുകളിൽ ബന്ധപ്പെട്ട താലൂക്ക് റേഷനിംഗ് ഇൻസ്‌പെക്ടർമാർ നേരിട്ടെത്തി പരിശോധിച്ച് നിജസ്ഥിതി മനസ്സിലാക്കി റിപ്പോർട്ട് ലഭ്യമാക്കാൻ മന്ത്രി സിവിൽ സപ്ലൈസ് കമ്മീഷണർക്ക് നിർദേശം നൽകി. റേഷൻ കൈപ്പറ്റാതെ അനർഹമായാണോ മുൻഗണനാ കാർഡുകാർ കൈവശം വച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.










