മിൽമ@സ്കൂൾ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർവഹിച്ചു

മിൽമ@സ്കൂൾ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ലോഗോ പ്രകാശനവും തൃശൂർ മതിലകം സെന്റ് ജോസഫ്സ് എച്ച് എസ് സ്കൂളിൽ ക്ഷീര വികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. വിദ്യാലയങ്ങളിലും കോളേജുകളിലും സ്ഥാപിക്കുന്ന മിൽമ@സ്കൂൾ വളർന്നു വരുന്ന പുതുതലമുറയെ ലഹരിയിൽ നിന്ന് രക്ഷിക്കാൻ ഏറെ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.
ലഹരിക്കെതിരെ സർക്കാർ ശക്തമായ ക്യാംപെയിൻ ആരംഭിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമാണ് മിൽമ@സ്കൂൾ പദ്ധതി നടപ്പാക്കുന്നത്. മധുരമുള്ള സ്വാദിഷ്ടമായ മിൽമ ഉൽപന്നങ്ങൾ സ്കൂൾ മുറ്റത്ത് തന്നെ ലഭ്യമാകും. വിലക്കുറവ്, ചെറിയ പാക്കറ്റ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് മിൽമയുടെ ഉൽപന്നങ്ങൾ ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി എറണാകുളം മേഖല ക്ഷീരോൽപാദക യൂണിയൻ സ്കൂൾ - കോളേജ് ക്യാമ്പസുകളിലേക്കായി വിഭാവനം ചെയ്തതും സർക്കാർ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നതുമായ പദ്ധതിയാണ് മിൽമ@സ്കൂൾ.
ചടങ്ങിൽ സ്കൂളിലെ പ്രതിഭകളെ മന്ത്രി അനുമോദിച്ചു. ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷനായി.