കോട്ടായി സ്‌കൂള്‍ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു

post

നവകേരളം കര്‍മ്മ പദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി ഫണ്ടിലെ മൂന്ന് കോടി ഉപയോഗിച്ച് പാലക്കാട് ജില്ലയിലെ കോട്ടായി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിർവഹിച്ചു. അക്കാദമിക നിലവാരം ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പരിഗണന നല്‍കുന്നത്. സ്‌കൂളുകളുടെ അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.

സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 3800 കോടി രൂപയാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി വിനിയോഗിച്ചത്. സംസ്ഥാന ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന തുകയാണിത്. ഏതെങ്കിലും പഠന വിഷയങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കി പരിശീലനം നല്‍കാനുള്ള പദ്ധതി ആലോചനയിലാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ വിജയം ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാനുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണ്. വിദ്യാലയങ്ങളില്‍ സ്മാർട്ട് ക്ലാസ് മുറികള്‍, ലൈബ്രറികള്‍, ലബോറട്ടറികള്‍ തുടങ്ങിയവ സജ്ജമായി. വിദ്യാഭ്യാസ സൗകര്യങ്ങള്‍ നവീകരിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും സംസ്ഥാനം ഗണ്യമായ പങ്കുവഹിച്ചതായും മന്ത്രി അഭിപ്രായപ്പെട്ടു. പരിപാടിയില്‍ പി.പി സുമോദ് എം.എല്‍.എ അധ്യക്ഷനായി.