സപ്ലൈകോ ഓണം ഫെയർ ഓഗസ്റ്റ് 18 മുതൽ

post

5 മുതൽ 50 ശതമാനം വരെ വിലക്കുറവ്

ലക്ഷ്യം 250 കോടിയുടെ വിൽപ്പന

ഈ വർഷത്തെ സപ്ലൈകോ ഓണം ഫെയർ ഓഗസ്റ്റ് 18 മുതൽ 28 വരെ നടക്കുമെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽസപ്ലൈസ് മന്ത്രി ജി.ആർ അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 18 ന് വൈകിട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഫെയർ ഉദ്ഘാടനം ചെയ്യും. ജില്ലാതല ഉദ്ഘാടനങ്ങൾ 19നും നിയോജകമണ്ഡലം, താലൂക്ക് അടിസ്ഥാനത്തിലുള്ള ഉദ്ഘാടനങ്ങൾ 23 നുമാണ്.

ഇത്തവണ എ.സി സൗകര്യത്തോടെയുള്ള ജർമൻ ഹാങ്ങറുകളിലാണ് ജില്ലകളിലെ ഓണം ഫെയറുകൾ ഒരുക്കുന്നത്. സബ്‌സിഡി സാധനങ്ങൾക്ക് പുറമേ വിവിധ നിത്യോപയോഗ സാധനങ്ങൾക്ക് കോംബോ ഓഫറുകൾ അടക്കം വലിയ ഓഫറുകളാണ് നൽകുന്നത്. ഇതു പ്രകാരം 5 മുതൽ 50 ശതമാനം വരെ വിലക്കുറവ് ലഭ്യമാകുമെന്ന് മന്ത്രി അറിയിച്ചു.

ഓണക്കാലത്ത് 250 കോടി രൂപയുടെ വിൽപ്പനയാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്. ഓരോ മാസവും സംഭരിക്കുന്ന അവശ്യസാധനങ്ങളുടെ ഇരട്ടിയിലധികമാണ് ഓണക്കാലത്ത് സപ്ലൈകോ സംഭരിക്കുന്നത്. ഓണം പ്രമാണിച്ച് 6120 മെട്രിക് ടൺ പയറുവർഗങ്ങളും 600 മെട്രിക് ടൺ സുഗന്ധവ്യഞ്ജനങ്ങളും 4570 മെട്രിക് ടൺ പഞ്ചസാരയും 15880 മെട്രിക് ടൺ വിവിധ തരം അരികളും 40 ലക്ഷം ലിറ്റർ വെളിച്ചെണ്ണയുമാണ് സംഭരിക്കുക.

ഓഗസ്റ്റ് 10 ഓടെ എല്ലാ അവശ്യ സാധനങ്ങളുടെയും ലഭ്യത സപ്ലൈകോയിൽ ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു. സപ്ലൈകോ വിൽപനശാലകളിൽ അവശ്യസാധനങ്ങൾ ലഭ്യമല്ലെന്ന മാധ്യമങ്ങളുടെ റിപ്പോർട്ട് ശരിയല്ലെന്ന് മന്ത്രി വ്യക്തമാക്കി. മാസത്തിലെ അവസാന നാളുകളിൽ രണ്ടോ മൂന്നോ അവശ്യ സാധനങ്ങളുടെ സ്റ്റോക്ക് തീരുന്ന അവസ്ഥയുണ്ട്. ഇതല്ലാതെ മറ്റുതരത്തിൽ സാധനങ്ങൾ ഇല്ലാത്ത അവസ്ഥ ഒരിടത്തും ഉണ്ടാകാറില്ല.

2022 ൽ ഒരു മാസം സപ്ലൈകോ വിൽപനശാലകളിലെ ശരാശരി വിൽപന 250-252 കോടി ആയിരുന്നത് 2023 ൽ 270 കോടിയായി വർധിച്ചു. സാധനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെട്ടതോടെ കൂടുതൽ ഗുണഭോക്താക്കളെ ആകർഷിക്കാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞു എന്നതാണ് ഇത് തെളിയിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

നിലവിൽ ഒരു മാസം 45 ലക്ഷത്തോളം ഉപഭോക്താക്കൾ സപ്ലൈകോ വിൽപ്പനശാലകളെ ആശ്രയിക്കുന്നുണ്ട്. ഓണം പ്രമാണിച്ച് ആഗസ്റ്റിൽ റേഷൻ കടയിലൂടെയുള്ള അരി വിതരണം 70 ശതമാനം പുഴുക്കലരിയും 30 ശതമാനം പച്ചരിയും എന്ന രീതിയിലായിരിക്കും. പുഴുക്കലരിയിൽ വടക്കൻ ജില്ലകളിൽ ബോയിൽഡ് റൈസും  തെക്കുള്ള ഏഴ് ജില്ലകളിൽ ചമ്പാവരിയുമാണ് വിതരണം ചെയ്യുക.

വെള്ള കാർഡ് ഉടമകൾക്ക് നിലവിലുള്ള രണ്ടു കിലോ അരിക്കുപുറമെ അഞ്ച് കിലോ അരി കൂടി 10.90 രൂപ നിരക്കിൽ വിതരണം ചെയ്യും. നീല കാർഡ് ഉടമകൾക്ക് അധിക വിഹിതമായി അഞ്ച് കിലോ അരി 10.90 രൂപ നിരക്കിൽ വിതരണം ചെയ്യും. എ.എ.വൈ കാർഡ് ഉടമകൾക്ക് മൂന്നുമാസത്തിലൊരിക്കൽ കൊടുക്കുന്ന അരലിറ്റർ മണ്ണെണ്ണയ്ക്ക് പുറമെ ഓണത്തിന് അരലിറ്റർ മണ്ണെണ്ണ കൂടി വിതരണം ചെയ്യും.

ഓണത്തോടനുബന്ധിച്ച്  ഓഗസ്റ്റ് 27, 28 തീയതികളിൽ തുറന്നുപ്രവർത്തിക്കുന്ന റേഷൻ കടകൾക്ക്  29, 30, 31 തീയതികളിൽ അവധിയായിരിക്കും. മിൽമ, കേരഫെഡ്, കുടുംബശ്രീ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ഓണ ഫെയറിൽ ഉണ്ടാവും.  കൂടാതെ പ്രാദേശിക കർഷകരിൽ നിന്ന് സംഭരിക്കുന്ന പച്ചക്കറികളും ഉണ്ടാകും. 

ഓണം ഫെയറിലെ വില്പന വർദ്ധിപ്പിക്കുന്നതിനായി പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് അവിടത്തെ ജീവനക്കാർക്ക് 500, 1000 രൂപ നിരക്കിലുള്ള കൂപ്പണുകൾ വിതരണം ചെയ്യും. ഈ കൂപ്പൺ പ്രയോജനപ്പെടുത്തി സപ്ലൈകോയുടെ ഏത് വിൽപ്പനശാലയിൽ നിന്നും സാധനങ്ങൾ വാങ്ങാം.

ഓണത്തോടനുബന്ധിച്ച് ശബരി മട്ട അരി, ആന്ധ്ര ജയ അരി, ശബരി ആട്ട, പുട്ടുപൊടി, അപ്പപ്പൊടി എന്നിങ്ങനെ അഞ്ചിനം ശബരി ഉത്പന്നങ്ങളും പുതുതായി വിപണിയിലിറക്കും. ഇവയ്ക്ക് പൊതുവിപണിയിലെ വിലയിൽ നിന്നും നാല്, അഞ്ചു രൂപവരെ കുറവുണ്ടാകും. 25 ഓളം ശബരി ഉത്പന്നങ്ങൾ ആകർഷകമായ പുതിയ പായ്ക്കിൽ ലഭ്യമാകും.