മേലാറ്റൂർ ആർ.എം ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം നാടിന് സമർപ്പിച്ചു

post

മലപ്പുറം ജില്ലയിലെ മേലാറ്റൂർ ആർ.എം ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടോദ്ഘാടനം സ്പീക്കർ എ.എം ഷംസീർ നിർവഹിച്ചു. ഭരണഘടന പഠിപ്പിക്കേണ്ട ഉത്തരവാദിത്വം നാം ഓരോരുത്തർക്കുമുണ്ടെന്നും ഭരണഘടന സംരക്ഷിക്കാൻ വിദ്യാർഥികൾ രംഗത്തിറങ്ങണമെന്നും സ്പീക്കർ പറഞ്ഞു. വിദ്യാഭ്യാസമേഖലയിൽ കാതലായ മാറ്റങ്ങൾ സംഭവിച്ച് കൊണ്ടിരിക്കുകയാണ്. കർക്കശമായ അച്ചടക്കങ്ങൾ സ്‌കൂളിൽ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടുവർഷം പരിശീലനം പൂർത്തിയാക്കിയ എസ്.പി.സി വിദ്യാർത്ഥികളുടെ പാസിങ് ഔട്ട് പരേഡിൽ സ്പീക്കർ എ.എം ഷംസീർ സല്യൂട്ട് സ്വീകരിച്ചു. നജീബ് കാന്തപുരം എം.എൽ.എ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷത്തെ എസ്.എസ് എസി, പ്ലസ് ടു പരീക്ഷകളിലെ ഉന്നതവിജയികളെ ചടങ്ങിൽ അനുമോദിച്ചു. 'വിജയ സ്പർശം-വിജയഭേരി പദ്ധതി' പഞ്ചായത്ത് പ്രസിഡന്റ് കെ.ടി മുഹമ്മദ് ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് യൂണിറ്റിന്റെ ശാരീരിക പരിമിതിക്കാർക്കുള്ള ചക്രകസേര റീജ്യനൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ.പി.എം അനിൽ വിതരണം ചെയ്തു.

പ്രധാനധ്യാപകൻ കെ.സുഗുണ പ്രകാശ്, പ്രിൻസിപ്പൽ വി.വി വിനോദ്, മാനേജർ മേലാറ്റൂർ പത്മനാഭൻ, ഉപപ്രധാനധ്യാപിക യു.സി ജ്യോതി, വൈസ് പ്രസിഡന്റ് ബീന അജിത് പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി. കമലം, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി.ഇ ശശിധരൻ, വി. ത്വയ്യിബ്, എ.ഇ.ഒ സക്കീർ ഹുസൈൻ, എസ്.ബി.ഐ ബ്രാഞ്ച് മാനേജർ കെ.പി ഗണേഷ്, പി.ടി.എ പ്രസിഡന്റ് സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.