കൊറോണ വൈറസ് : ജാഗ്രത പാലിക്കുക

post

കൊച്ചി: മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കൊറോണ. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ വയറിളക്കവും വരാം. സാധാരണഗതിയില്‍ ചെറുതായി വന്ന് പോകുമെങ്കിലും കടുത്ത് കഴിഞ്ഞാല്‍ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. പുതിയ വൈറസായതിനാല്‍ അതിന് പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ ഇല്ല. പകരം അനുബന്ധ ചികിത്സയാണ് നല്കുകന്നത്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഇവരെ പ്രത്യേകം പാര്‍പ്പിച്ച് ചികിത്സ നല്‍കുകയാണ് പ്രധാനം. ചികിത്സിക്കുന്നവരും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം.

ചൈനയില്‍ നിന്നോ, കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റേതെങ്കിലും രാജ്യത്ത് നിന്നോ, നാട്ടില്‍ തിരിച്ച് എത്തിയതിന് ശേഷം  ശേഷം  പനി, ചുമ, ശ്വാസതടസം ഇവ അനുഭവപ്പെട്ടാല്‍ 0471 2552056 അല്ലെങ്കില്‍ 1056 എന്ന നമ്പറില്‍ വിളിച്ച് മാര്‍ഗനിര്‍ദേശം തേടണം. തുടര്‍ന്ന് എത്രയും പെട്ടന്ന് നിര്‍ദേശിച്ച ഡോക്ടറുമായി ഫോണില്‍ ബന്ധപ്പെട്ടു  യാത്രാവിവരവും രോഗവിവരവും പറയണം. രോഗമുള്ളപ്പോള്‍ യാത്ര ചെയ്യാനോ പൊതുസ്ഥലങ്ങളില്‍ പോകാനോ പാടില്ല 

രോഗബാധിത പ്രദേശത്തുനിന്നും എത്തിയിരിക്കുന്നവരില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ പ്രസ്തുത സ്ഥലത്ത് നിന്നും പുറപ്പെട്ട തിയതി  മുതല്‍ 28 ദിവസത്തേക്ക് സ്വന്തം വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്. സ്വന്തം കുടുംബാംഗങ്ങളുടെയും, ചുറ്റുപാടുള്ളവരുടെയും  സുരക്ഷക്കായി   ഈ കാലയളവില്‍ പൊതുസ്ഥലങ്ങളില്‍ പോകുവാനും, മറ്റുള്ളവരോട് അടുത്ത് ഇടപഴകാനും പാടില്ല. വീട്ടില്‍ ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് ഗുരുതരമായ രോഗികള്‍ എന്നിവര്‍ ഉണ്ടെങ്കില്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. . 

രോഗത്തിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ 

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും, മൂക്കും തൂവാല, തോര്‍ത്ത് മുതലായവ കൊണ്ട് മറയ്ക്കുക. ഇവ ലഭ്യമായില്ലെങ്കില്‍ മൂക്കും വായും കൈമുട്ടിനു മുകളില്‍ ഉള്ളിലാക്കി         ചുമയ്ക്കുക 

കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റ് എങ്കിലും കഴുകുക 

സോപ്പും വെള്ളവും ലഭ്യമായില്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റയിസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കുക. 

പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് കര്ശനമായി ഒഴിവാക്കുക 

രോഗബാധിത പ്രദേശങ്ങളിലേക്ക്  യാത്ര പരമാവധി ഒഴിവാക്കുക.