ഇ-വാഹന നിർമാണ മേഖലയ്ക്ക് കുതിപ്പേകാൻ തദ്ദേശീയമായി വികസിപ്പിച്ച ലിഥിയം ടൈറ്റനേറ്റ് ബാറ്ററി
 
                                                ഇലക്ട്രോണിക് വാഹന ഉൽപ്പാദന രംഗത്ത് വൻ മാറ്റങ്ങൾക്ക് കുതിപ്പേകുന്ന, തദ്ദേശീയമായി വികസിപ്പിച്ച ലിഥിയം ടൈറ്റനേറ്റ് (എൽ.ടി.ഒ) ബാറ്ററിയുടെ പ്രോട്ടോടൈപ്പ് കൈമാറി. വി.എസ്.എസ്.സി ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻ നായരിൽ നിന്ന് സംസ്ഥാന വ്യവസായമന്ത്രി പി രാജീവ് പ്രോട്ടോടൈപ്പ് സ്വീകരിച്ചു.
സംസ്ഥാനത്ത് ഇ-വാഹന നയം രൂപീകരിക്കുന്നതിന്റെ നോഡൽ ഏജൻസിയായ കെ- ഡിസ്‌ക് മുൻകയ്യെടുത്തു രൂപീകരിച്ച ഇ.വി ഡെവലപ്‌മെന്റ് ആൻഡ് മാനുഫാക്ചറിങ്ങ് കൺസോർഷ്യം ആണ് തദ്ദേശീയമായി എൽ.ടി.ഒ വികസിപ്പിക്കുന്നതിന് ചുക്കാൻ പിടിച്ചത്. വി.എസ്.എസ്.സി, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡ് (ടി.ടി.പി.എൽ), സി-ഡാക് തിരുവനന്തപുരം, ട്രിവാൻഡ്രം എൻജിനീയറിങ്ങ് സയൻസ് ആൻഡ് ടെക്‌നോളജി റിസർച്ച് പാർക്ക് എന്നിവയാണ് കൺസോർഷ്യത്തിലെ പങ്കാളികൾ.
ബാറ്ററി നിർമാണത്തിനാവശ്യമായ 10 കിലോ എൽ.ടി.ഒ ഇലക്ട്രോഡ് വസ്തു ടി.ടി.പി.എൽ വിതരണം ചെയ്യുകയും വി.എസ്.എസ്.സി ലിഥിയം ടൈറ്റനേറ്റ് ബാറ്ററിയുടെ പ്രോട്ടോടൈപ്പ് വികസിപ്പിക്കുകയും ആയിരുന്നു. മികച്ച ഊർജ്ജ സാന്ദ്രത, വേഗത്തിലുള്ള ചാർജിങ്ങ്, ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയുള്ള ബാറ്ററി ഭാവിയിൽ ഹരിതോർജ്ജ ഇന്ധന ലഭ്യതയിൽ പുതിയ വഴി തെളിക്കും.

എൽ.ടി.ഒ ബാറ്ററി സംസ്ഥാന സർക്കാറിന് കൈമാറിയ മുഹൂർത്തം ചരിത്രപരമെന്ന് വ്യവസായ മന്ത്രി പി രാജീവ് വിശേഷിപ്പിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ കൺസോർഷ്യമാണ് തദ്ദേശീയമായ വസ്തുക്കൾ ഉപയോഗിച്ച് ബാറ്ററി വികസിപ്പിച്ചതെന്നത് ഏറെ സന്തോഷം പകരുന്നതായി മന്ത്രി പറഞ്ഞു.
കേരളത്തെ വ്യവസായ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാന സർക്കാർ കണ്ടെത്തിയ 22 മുൻഗണനാ മേഖലകളിൽ പ്രധാനപ്പെട്ടതാണ് ഇലക്ട്രിക് വാഹന മേഖല. മോണോസൈറ്റ്, തോറിയം, ഇല്ലുമിനൈറ്റ് തുടങ്ങിയ മൂലകങ്ങളാൽ സമ്പന്നമായ കേരളത്തിന്റെ ധാതുസമ്പത്ത് വേണ്ട വിധം വ്യാവസായികമായി പ്രയോജനപ്പെടുത്തിയിട്ടില്ലെന്നും ഇത്തരത്തിലുള്ള കണ്ടുപിടുത്തം അതിനു കൂടി വഴിവെക്കുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
പുതുതായി വികസിപ്പിച്ച ബാറ്ററി സുരക്ഷിതവും മാലിന്യവിമുക്തവുമാണെന്ന് വി.എസ്.എസ്.സി ഡയറക്ടർ ഡോ. ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു. പരിപാടിയിൽ സി-ഡാക് സീനിയർ ഡയറക്ടർ ചന്ദ്രശേഖർ വി അധ്യക്ഷത വഹിച്ചു. ബാറ്ററി വികസിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വി.എസ്.എസ്.സി മുൻ ഡെപ്യൂട്ടി ഡയറക്ടർമാരായ ഡോ. എസ്. എ ഇളങ്കോവൻ, ഹാരിഷ് സി.എസ് എന്നിവരെ മന്ത്രി ആദരിച്ചു.










