വല്ലപ്പുഴ ഗ്രാമപഞ്ചായത്തില്‍ മൂന്ന് മാസത്തില്‍ 35 കിണറുകള്‍ നിര്‍മ്മിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍

പാലക്കാട് ജില്ലയിലെ വല്ലപ്പുഴ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊഴിലുറപ്പ് തൊഴിലാളികള്‍ മെയ് മാസം മുതല്‍ നിര്‍മ്മിച്ചത് 35 കിണറുകള്‍. പുല്ലുവെട്ടിയും മണ്‍വരമ്പിടാനും മാത്രമായി തങ്ങളെ കണ്ടിരുന്ന സമൂഹത്തിന് മുന്നില്‍ വ്യത്യസ്തത തീര്‍ത്തിരിക്കുകയാണ് വല്ലപ്പുഴ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍. തൊഴിലാളികളില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. പണ്ട് പുരുഷന്മാര്‍ മാത്രം ചെയ്തിരുന്ന കിണര്‍ നിര്‍മ്മാണ മേഖലയിലേക്ക് ആത്മവിശ്വാസത്തോടെയാണ് സ്ത്രീകള്‍ കടന്നുവരുന്നത്.
ജലസ്രോതസ്സുകൾ കുറവുള്ള പ്രദേശമാണ് വല്ലപ്പുഴ. കിണറുകള്‍ നിര്‍മ്മിക്കുന്നതിലൂടെ ഭൂഗര്‍ഭ ജലത്തിന്റെ വര്‍ധനവാണ് ലക്ഷ്യമിടുന്നത്. ജലസ്രോതസുകളെ വലിയ പ്രാധാന്യത്തോടെയാണ് വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് കാണുന്നതെന്നും 2023-24 സാമ്പത്തിക വര്‍ഷം 75 കിണറുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ അബ്ദുല്‍ ലത്തീഫ് അറിയിച്ചു. കിണര്‍ നിര്‍മ്മാണത്തിന് പുറമേ കുളം നിര്‍മ്മാണവും തോട് പുനരുദ്ധാരണ പ്രവര്‍ത്തിയും പഞ്ചായത്തില്‍ പുരോഗമിക്കുന്നുണ്ട്.